സിഎസ്ആർ ചെലവിൽ കേരളത്തിന് ₹617 കോടി; എറണാകുളം, തൃശൂർ, കണ്ണൂർ മുൻനിരയിൽ

രാജ്യത്തെ കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ചെലവിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഗണ്യമായ വർധന. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ആകെ ₹40,794 കോടി സിഎസ്ആർ പദ്ധതികൾക്കായി ചെലവഴിച്ചതായി ഫൽക്രം പുറത്തിറക്കിയ ‘ഭാരത് CSR പെർഫോമൻസ് റിപ്പോർട്ട് 2026’ വ്യക്തമാക്കുന്നു. ഇത് മുൻവർഷത്തേക്കാൾ 17 ശതമാനം കൂടുതലാണ്.കേരളത്തിലും സിഎസ്ആർ ഫണ്ടിന്റെ വിനിയോഗത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായി. 2024-25ൽ സംസ്ഥാനത്ത് ₹617 കോടി വിവിധ സാമൂഹിക വികസന പദ്ധതികൾക്കായി ചെലവഴിച്ചു. ഇത് മുൻവർഷത്തേക്കാൾ 59 ശതമാനം വർധനയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് കമ്പനികൾ കൂടുതൽ പിന്തുണ നൽകുന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ സിഎസ്ആർ ധനസഹായം ലഭിച്ച ജില്ലകൾ:

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കാണ് സിഎസ്ആർ പദ്ധതികളിൽ മുൻഗണന ലഭിച്ചത്.

എറണാകുളം
തൃശൂർ
തിരുവനന്തപുരം
വയനാട്
കണ്ണൂർ

കേരളത്തിൽ സിഎസ്ആർ ഫണ്ട് വിനിയോഗത്തിൽ മുന്നിലുള്ള കമ്പനികൾ:

മുത്തൂറ്റ് ഫിനാൻസ്
ഫെഡറൽ ബാങ്ക്
മണപ്പുറം ഫിനാൻസ്
ഒഎൻജിസി (ONGC)
ഐആർഇഎൽ (IREL)

രാജ്യത്തെ സിഎസ്ആർ ചിത്രം

ദേശീയതലത്തിൽ സിഎസ്ആർ ചെലവ് 17 ശതമാനം ഉയർന്നപ്പോൾ ഗുജറാത്തിൽ 68 ശതമാനവും കേരളത്തിൽ 59 ശതമാനവും വളർച്ച രേഖപ്പെടുത്തിയതായി ഫൽക്രം കോ-സിഇഒ പാർതേഷ് വ്യാസ് വ്യക്തമാക്കി.നിലവിൽ 29,546 കമ്പനികളാണ് സിഎസ്ആർ നിയമത്തിന്റെ പരിധിയിലുള്ളത്. കഴിഞ്ഞ വർഷം 1,012 പുതിയ കമ്പനികൾ കൂടി ഈ പട്ടികയിൽ ഉൾപ്പെട്ടു. ഇവർ രാജ്യത്താകെ 72,233 സിഎസ്ആർ പദ്ധതികൾ നടപ്പാക്കി. ഒരു പദ്ധതിക്കുള്ള ശരാശരി ചെലവ് ₹56.47 ലക്ഷം ആയിരുന്നു.ആകെ സിഎസ്ആർ ചെലവിൽ ₹7,123 കോടി (17%) മുൻനിരയിലെ 10 കമ്പനികളുടേതാണ്. റിലയൻസ് ഇൻഡസ്ട്രീസ് ₹1,309 കോടി ചെലവഴിച്ച് ഒന്നാം സ്ഥാനത്തെത്തി. എച്ച്ഡിഎഫ്സി ബാങ്ക് ₹1,039 കോടിയും, ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ₹949 കോടിയും സിഎസ്ആർ പദ്ധതികൾക്കായി വിനിയോഗിച്ചു.

അഞ്ച് സംസ്ഥാനങ്ങൾക്ക് 54% ഫണ്ട്

രാജ്യത്ത് വിനിയോഗിച്ച ആകെ സിഎസ്ആർ ഫണ്ടിന്റെ 54 ശതമാനവും അഞ്ച് സംസ്ഥാനങ്ങൾക്കാണ് ലഭിച്ചത്. മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ₹8,631 കോടി സിഎസ്ആർ ഫണ്ടാണ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്. തുടർന്ന് ഗുജറാത്ത്, കർണാടക, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ്.അതേസമയം, ലക്ഷദ്വീപ്, ദമൻ ആൻഡ് ദിയു, മിസോറം, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ത്രിപുര എന്നീ പ്രദേശങ്ങൾക്കാണ് ഏറ്റവും കുറഞ്ഞ സിഎസ്ആർ ഫണ്ട് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്താണ് സിഎസ്ആർ?

2013-ലെ കമ്പനീസ് ആക്ട് പ്രകാരം, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികൾ വാർഷിക ലാഭത്തിന്റെ രണ്ട് ശതമാനം സാമൂഹിക ക്ഷേമ പദ്ധതികൾക്കായി ചെലവഴിക്കണം.താഴെ പറയുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കുന്ന കമ്പനികൾക്ക് സിഎസ്ആർ നിർബന്ധമാണ്:

ആസ്തി മൂല്യം ₹500 കോടി അല്ലെങ്കിൽ അതിൽ കൂടുതൽ
വാർഷിക വരുമാനം ₹1,000 കോടി അല്ലെങ്കിൽ അതിൽ കൂടുതൽ
വാർഷിക അറ്റാദായം ₹5 കോടി അല്ലെങ്കിൽ അതിൽ കൂടുതൽ

ഇത്തരത്തിലുള്ള കമ്പനികളാണ് നിയമപ്രകാരം സിഎസ്ആർ ഫണ്ട് സാമൂഹിക വികസന പ്രവർത്തനങ്ങൾക്കായി മാറ്റിവയ്‌ക്കേണ്ടത്.