വൻകിട ഉപയോക്താക്കൾക്ക് കെഎസ്ഇബി പോലെ അതതു പ്രദേശങ്ങളിലുള്ള വിതരണ കമ്പനികളിൽ നിന്നല്ലാതെ, രാജ്യത്ത് എവിടെ നിന്നും വൈദ്യുതി എത്തിക്കാനുള്ള ‘ഓപ്പൺ ആക്സസ്’ രീതി കേന്ദ്രം കൂടുതൽ ഉദാരമാക്കി.പൊതുവിപണിയിൽ നിന്നു വൈദ്യുതി വാങ്ങുന്നതു വഴി കോടികൾ ലാഭിക്കാൻ കഴിയുമെന്നു ബോധ്യമായതോടെ പല വ്യവസായങ്ങളും കെഎസ്ഇബി ഉൾപ്പെടെയുള്ള ബോർഡുകളുടെ വൈദ്യുതി വേണ്ടെന്നുവച്ചിരുന്നു.
വൻകിട ഉപയോക്താക്കളെ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നതിനാൽ സംസ്ഥാന വൈദ്യുത ബോർഡുകൾ പലതും ഓപ്പൺ ആക്സസ് രീതിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.പല സംസ്ഥാനങ്ങളിലെയും വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾ ചാർജുകൾ വൻതോതിൽ ഉയർത്തി. ഇതോടെ പലയിടത്തും ഓപ്പൺ ആക്സസ് വഴി വൈദ്യുതി വാങ്ങുന്നത് തൊട്ടടുത്തുള്ള വിതരണ കമ്പനിയിൽ നിന്നു വാങ്ങുന്നതിനെക്കാൾ ചെലവേറിയതായി മാറിയെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ് പറഞ്ഞു.
പുതിയ കേന്ദ്ര ചട്ടത്തിലൂടെ ഇവ ഏകീകരിക്കുകയും പരിധി നിശ്ചയിക്കുകയും ചെയ്തു. നിരക്കുകൾ ന്യായവും ഏകീകൃതവും ആയിരിക്കണമെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി.സ്ഥാപനങ്ങളിൽ നിന്ന് വിതരണ കമ്പനികൾ ഈടാക്കുന്ന അഡീഷനൽ സർചാർജ് ഓരോ വർഷവും ഘട്ടം ഘട്ടമായി കുറച്ച് 4 വർഷം കൊണ്ട് അവസാനിപ്പിക്കണം.മുൻപ് വിതരണ കമ്പനിയുടെ ഉപയോക്താവ് ആയിരുന്നെങ്കിൽ മാത്രം അഡീഷനൽ സർ ചാർജ് നൽകിയാൽ മതി.
ഇലക്ട്രിക് ലൈനിലൂടെ വൈദ്യുതി എത്തിക്കാനുള്ള വീലിങ് ചാർജ്, ട്രാൻസ്മിഷൻ ചാർജ് എന്നിവയ്ക്കും പരിധി നിശ്ചയിച്ചു. 1,000 കിലോവാട്ട് ആവശ്യമുള്ള (കണക്റ്റഡ് ലോഡ്) സ്ഥാപനങ്ങൾക്കാണ് ഓപ്പൺ ആക്സസ് വഴി പൊതുവിപണിയിൽ നിന്ന് വൈദ്യുതി വാങ്ങാവുന്നത്.കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 55 സ്ഥാപനങ്ങൾ കേരളത്തിൽ ഓപ്പൺ ആക്സസ് വഴി വൈദ്യുതി സ്വീകരിക്കുന്നുണ്ട്. 2015–16ൽ ഇത് 15 എണ്ണമായിരുന്നു.

