വിഴിഞ്ഞം തുറമുഖത്തിൽ എംഎസ്‌സിയുടെ നിക്ഷേപം; ഓഹരി കൈമാറ്റത്തിൽ പുതിയ വിവാദം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എംഎസ്‌സി (MSC) നിക്ഷേപം നടത്താനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനത്തെ ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സർക്കാരിന്റെ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടത്താനാവില്ലെന്നാണ് സർക്കാർ നിലപാട്. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തം നൽകുന്നത് മറ്റ് ഷിപ്പിങ് കമ്പനികളുടെ താൽപര്യത്തെ ബാധിക്കുമെന്നും തുറമുഖത്തിലെ മത്സരസ്വഭാവം കുറയാനിടയുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.

49 ശതമാനം ഓഹരി വാങ്ങാൻ എംഎസ്‌സി

വിഴിഞ്ഞം തുറമുഖം നിയന്ത്രിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ (AVPPL) 49 ശതമാനം ഓഹരി സ്വന്തമാക്കാനാണ് എംഎസ്‌സിയുടെ തുറമുഖ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (TIL) ധാരണയിലെത്തിയത്. ഏകദേശം 139.7 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇതിനായി ലക്ഷ്യമിടുന്നത്.

സർക്കാർ അനുമതി നിർബന്ധം

2015-ൽ സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച കൺസഷൻ കരാർ പ്രകാരം 25 ശതമാനത്തിലധികം ഓഹരി കൈമാറ്റം ‘ഉടമസ്ഥതാ കൈമാറ്റം’ (Change in Ownership) ആയാണ് കണക്കാക്കുന്നത്. അതിനാൽ ഇത്തരമൊരു ഇടപാടിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.ഓഹരി കൈമാറ്റം നിലവിലെ കരാറിലെ വ്യവസ്ഥകളെ ബാധിക്കുന്ന സാഹചര്യമുണ്ടെങ്കിൽ കരാറിൽ ഭേദഗതി വരുത്തുകയും മന്ത്രിസഭയുടെ അംഗീകാരം നേടുകയും ചെയ്യേണ്ടിവരും.

നടപടിക്രമം ഇങ്ങനെ

എംഎസ്‌സിയുടെ നിക്ഷേപ താൽപര്യം സംബന്ധിച്ച വിശദാംശങ്ങൾ ആദ്യം അദാനി കമ്പനി സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിക്കണം. തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേർഡ് കമ്മിറ്റി വിഷയം പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകും.ദേശീയ സുരക്ഷ, പൊതുതാൽപര്യം, വിദേശ നിക്ഷേപ നയം, നിലവിലെ കരാറിലെ വ്യവസ്ഥകൾ എന്നിവ പരിഗണിച്ചായിരിക്കും സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക.

റഗുലേറ്ററി അനുമതികൾക്ക് ശേഷം മാത്രം ഇടപാട്

ഇടപാടിന് ആവശ്യമായ എല്ലാ റഗുലേറ്ററി അനുമതികളും ലഭിച്ച ശേഷമേ ഓഹരി കൈമാറ്റം പൂർത്തിയാക്കുകയുള്ളുവെന്ന് അദാനി പോർട്സ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. എംഎസ്‌സിയുടെ നിക്ഷേപം വിദേശ നിക്ഷേപമായതിനാൽ പൊതുതാൽപര്യം മുൻനിർത്തി അധിക നിബന്ധനകൾ ഏർപ്പെടുത്താനും സംസ്ഥാന സർക്കാരിന് അധികാരമുണ്ട്.

അതുകൊണ്ട് തന്നെ, ഇരു കമ്പനികളും തമ്മിൽ ധാരണയിലെത്തിയെങ്കിലും സർക്കാർ, നിയമ, റഗുലേറ്ററി നടപടികൾ പൂർത്തിയായ ശേഷമേ ഓഹരി കൈമാറ്റം പ്രാബല്യത്തിൽ വരൂ.