കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) കാർഗോ കയറ്റുമതി സംഭരണ ശേഷി ഗണ്യമായി വർധിപ്പിച്ചു. ഇതോടെ വിമാനത്താവളത്തിന്റെ വാർഷിക കാർഗോ സംഭരണ ശേഷി 75,000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
പുതിയ സംവിധാനങ്ങളോടെ വിപുലീകരിച്ച കാർഗോ വെയർഹൗസിൽ രണ്ട് അധിക എക്സ്-റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. അപകടകരമായ ചരക്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾക്കൊപ്പം, താപനില നിയന്ത്രിതമായ രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായി പ്രത്യേക സുരക്ഷാ മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്.വിപുലീകരിച്ച കാർഗോ വെയർഹൗസിന്റെ ഉദ്ഘാടനം സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് നിർവഹിച്ചു.

