ഇരട്ടിത്തീരുവ തുടരുന്ന സാഹചര്യത്തിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ ഇന്ത്യയുടെ യുഎസ് കയറ്റുമതിയിൽ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തി. സെപ്റ്റംബറിൽ 546 കോടി ഡോളർ മൂല്യമുള്ള ചരക്കുകളാണ് അയച്ചത്, എന്നാൽ ഒക്ടോബറിൽ ഇത് 630 കോടി ഡോളർ ആയി ഉയർന്നു — ഏകദേശം 15% വളർച്ച.അതേസമയം, കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 8.6% ഇടിവ് തുടരുന്നുണ്ട്. ഒക്ടോബറിലെ മെച്ചപ്പെട്ട കണക്ക് സ്മാർട്ട്ഫോണും ഫാർമ ഉൽപ്പന്നങ്ങളും ആയിരിക്കാം മുന്നോട്ട് നയിച്ചതെന്ന് സൂചനയുണ്ട്.
അധിക തീരുവ ബാധകമല്ലാതിരുന്ന ജൂലൈയിൽ ഇന്ത്യ 801 കോടി ഡോളർ കയറ്റുമതി നടത്തിയിരുന്നു. തുടർന്ന് ഓഗസ്റ്റിൽ തുടക്കം കുറിച്ച ഇടിവ് സെപ്റ്റംബറിലേക്ക് കൂടി ശക്തമായി — ഈ വർഷത്തിലെ ഏറ്റവും കുറഞ്ഞ കയറ്റുമതി എന്ന കണക്കും സെപ്റ്റംബറിനാണ്.ഓഗസ്റ്റ് 7ന് യുഎസ് ചുമത്തിയ 25% ‘പകരം തീരുവ’യെ തുടർന്ന്, പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അത് ഓഗസ്റ്റ് 27ന് ഇരട്ടിയാക്കി. ഭാഗികമായി ഇരട്ടിത്തീരുവ ബാധകമായ ഓഗസ്റ്റിൽ കയറ്റുമതി 686 കോടി ഡോളറിലേക്ക് ചുരുങ്ങി.
ഇതിനുപുറമേ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ ഒഴികെയുള്ള കാലയളവിൽ ഇന്ത്യയുടെ യുഎസ് കയറ്റുമതി 790 കോടി ഡോളറിന് താഴെ എത്തിയിട്ടില്ല.ഇന്ത്യ–യുഎസ് വ്യാപാര കരാറിന്റെ ആദ്യഘട്ടം യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

