മികച്ച പാദഫലത്തോടെ കല്യാൺ ജ്വല്ലേഴ്സ് ഓഹരിയിൽ കുതിപ്പ്

മികച്ച മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ ഓഹരി വിപണിയിൽ ശക്തമായി ഉയർന്നു. ഓഹരി ദിന ആരംഭത്തിൽ 405 രൂപയായിരുന്നു, 13 ശതമാനത്തോളം ഉയർന്ന് 432.35 രൂപയിലേക്കെത്തി. ഒരു ആഴ്ചയ്ക്കുള്ളിൽ ഓഹരിയുടെ മൂല്യം 17 ശതമാനവും വർധിച്ചു. ഉച്ചക്ക് 01:20ന് ഓഹരി 429 രൂപയിലെത്തിയിരിക്കുകയാണ്. മികച്ച പാദഫലങ്ങൾ പുറപ്പെടുവിച്ചതോടൊപ്പം വിവിധ ബ്രോക്കറേജുകൾ ബയ് റേറ്റിങ് നിലനിർത്തിയത് ഓഹരികൾക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ സ്വർണാഭരണങ്ങളുടെ മികച്ച ഡിമാൻഡാണ് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചത്.

കല്യാൺ ജ്വല്ലേഴ്സ് 2025–26 സാമ്പത്തിക വർഷത്തിലെ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദഫലം വെള്ളിയാഴ്ച പുറത്തുവിട്ടു. മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 90.36 ശതമാനം വർധിച്ച് 416.29 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിൽ ഇത് 218.68 കോടി രൂപ മാത്രമായിരുന്നു. പ്രവർത്തന വരുമാനം 42.11 ശതമാനം വർധിച്ച് 10,343.41 കോടി രൂപയിലെത്തി, മുൻവർഷത്തെ വരുമാനം 7,278.09 കോടി രൂപയായിരുന്നു.ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള സംയോജിത വരുമാനം 9,048 കോടി രൂപയായി, 42 ശതമാനം വർധന. ലാഭം 401 കോടി രൂപ ആയി. രാജ്യാന്തര ബിസിനസിൽ നിന്നുള്ള മൊത്ത വരുമാനം 1,164 കോടി രൂപയായി, മുൻവർഷത്തെ 842 കോടി രൂപയിൽ നിന്നു 38 ശതമാനം വർധിച്ചു. രാജ്യാന്തര ബിസിനസിലെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 12 കോടി രൂപയായി, മുൻവർഷത്തെ 8 കോടി രൂപയിൽ നിന്ന് 64 ശതമാനം വർധന. മിഡിൽ ഈസ്റ്റ് വിപണിയിലും കമ്പനിക്ക് മികച്ച നേട്ടം കൈവന്നതായി റിപ്പോർട്ട് പറയുന്നു.
മൂന്നാം പാദത്തിലെ മൊത്ത വരുമാനം 28 ശതമാനം വർധിച്ച് 1,072.6 കോടി രൂപയായി. ഇന്ത്യയിൽ പുതിയ 21 ഷോറൂമുകളും തുറന്നു.

ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ കല്യാൺ ജ്വല്ലേഴ്സ് ഓഹരിക്ക് ബായ് റേറ്റിങ് നിലനിർത്തി, ഓഹരിയുടെ ലക്ഷ്യവില 600 രൂപയായി നിർണയിച്ചു. ഫ്രാഞ്ചൈസ് വിപുലീകരണം, ദക്ഷിണേന്ത്യൻ വിപണിക്ക് പുറത്ത് നേടിയ വിജയം എന്നിവ ഈ കമ്പനിയെ ആഭരണ മേഖലയിൽ മുൻനിര ബ്രാൻഡായി മാറ്റിയെന്നാണ് വിലയിരുത്തൽ.ഇന്ത്യ–യുഎസ് വ്യാപാര കരാറിൽ ആഭരണ മേഖലയ്ക്ക് ലഭിക്കുന്ന ഇളവ് ഉറപ്പായതിനാൽ ഇന്ന് ജെം ആൻഡ് ജ്വല്ലറി ഓഹരികൾ വിപണിയിൽ ശക്തമായി ഉയർന്നു.