ബ്രിട്ടനിലെ പ്രമുഖ തുറമുഖ ശൃംഖല ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; ആഗോള വിപുലീകരണത്തിന് വമ്പൻ നീക്കം

ആഗോള തുറമുഖ മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടനിലെ പ്രമുഖ തുറമുഖ ഓപ്പറേറ്ററായ അസോസിയേറ്റഡ് ബ്രിട്ടിഷ് പോർട്സ് (ABP) ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് നീക്കമൊരുക്കുന്നതായി റിപ്പോർട്ടുകൾ. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ (APSEZ) കമ്പനിയാണ് ഈ വമ്പൻ ഇടപാടിന് പിന്നിൽ.റിപ്പോർട്ടുകൾ പ്രകാരം, എബിപിയിലെ 63.9 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ ഈ ഓഹരികൾ രണ്ട് കനേഡിയൻ പെൻഷൻ ഫണ്ടുകളുടെ കൈവശമാണ്. ഓഹരി വിൽപ്പന നടപടികൾക്കായി ഇവർ ബാങ്കർമാരെ നിയോഗിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 21 തുറമുഖങ്ങളാണ് എബിപിയുടെ നിയന്ത്രണത്തിലുള്ളത്. ബ്രിട്ടന്റെ സമുദ്രവ്യാപാരത്തിന്റെ ഏകദേശം 25 ശതമാനവും ഈ തുറമുഖങ്ങളിലൂടെയാണ് നടക്കുന്നത്. അതിനാൽ ഇടപാട് യാഥാർഥ്യമായാൽ യൂറോപ്യൻ തുറമുഖ മേഖലയിലെ അദാനി ഗ്രൂപ്പിന്റെ സാന്നിധ്യം ഗണ്യമായി വർധിക്കും.നിലവിൽ ഇന്ത്യയിൽ 15 തുറമുഖങ്ങൾ പ്രവർത്തിപ്പിക്കുന്ന അദാനി ഗ്രൂപ്പിന് ഇസ്രയേൽ, ശ്രീലങ്ക, ഓസ്ട്രേലിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലും തുറമുഖ പ്രവർത്തനങ്ങളുണ്ട്. ബ്രിട്ടനിലെ എബിപിയെ ഏറ്റെടുക്കാനായാൽ ആഗോള തുറമുഖ ശൃംഖല കൂടുതൽ വിപുലീകരിക്കാനും ലോകത്തെ പ്രമുഖ തുറമുഖ ഓപ്പറേറ്റർമാരിൽ ഒന്നായി സ്ഥാനം ശക്തിപ്പെടുത്താനും കമ്പനിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ചരിത്രത്തിൽ ലോകവ്യാപാരത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന ബ്രിട്ടീഷ് തുറമുഖ ശൃംഖലയിൽ ഇന്ത്യൻ കമ്പനിയുടെ നിക്ഷേപ താൽപര്യം ഉയരുന്നത് ആഗോള ലോജിസ്റ്റിക്‌സ്, സമുദ്രവ്യാപാര മേഖലകളിലെ ശക്തിസമവാക്യങ്ങളിൽ പുതിയ അധ്യായത്തിന് വഴിയൊരുക്കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.