പുതിയ ടർബോ പെട്രോൾ എൻജിനുമായി 2026 മാരുതി ബ്രെസ; 5-സ്റ്റാർ സുരക്ഷ, വില ₹7.40 ലക്ഷം മുതൽ

ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ മാരുതി സുസുക്കി ബ്രെസയുടെ 2026 മോഡൽ ഇന്ത്യൻ വിപണിയിലെത്തി. ₹7.40 ലക്ഷം (എക്‌സ്-ഷോറൂം) മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില. പുതിയ ടർബോ പെട്രോൾ എൻജിൻ, കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ, നവീകരിച്ച എക്സ്റ്റീരിയർ-ഇന്റീരിയർ ഡിസൈൻ എന്നിവയോടെയാണ് പുതിയ ബ്രെസ എത്തുന്നത്. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിങ് നേടിയതും ഈ മോഡലിന്റെ പ്രധാന സവിശേഷതയാണ്.

പുതിയ ടർബോ എൻജിൻ

2026 ബ്രെസയിലെ ഏറ്റവും വലിയ പുതുമ 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എൻജിനാണ്. ഡയറക്ട് ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുള്ള ഈ എൻജിൻ 110 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഇതിന് പുറമെ നിലവിലെ 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ സി.എൻ.ജി. എൻജിൻ ഓപ്ഷനുകളും തുടരും.
വിക്ടോറിസ് മോഡലിന് സമാനമായ അണ്ടർബോഡി സി.എൻ.ജി. കിറ്റ് ഉപയോഗിച്ചിരിക്കുന്നതിനാൽ ബൂട്ട് സ്പേസ് കുറയില്ല. എല്ലാ വകഭേദങ്ങളിലും 6-സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭിക്കും. 1.5 ലീറ്റർ പെട്രോൾ പതിപ്പിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും ലഭ്യമാണ്.

സുരക്ഷയിൽ 5-സ്റ്റാർ മികവ്

മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ വിഭാഗങ്ങളിൽ ഒരുപോലെ 5-സ്റ്റാർ റേറ്റിങ് നേടിയാണ് പുതിയ ബ്രെസയുടെ വരവ്. ഡിസയർ, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ, ഇ-വിറ്റാര എന്നിവയ്ക്കുശേഷം ഭാരത് എൻസിഎപിൽ 5-സ്റ്റാർ നേടുന്ന മാരുതി സുസുക്കിയുടെ അഞ്ചാമത്തെ മോഡലാണിത്.എല്ലാ വകഭേദങ്ങളിലും ഇനി 6 എയർബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറാണ്. കൂടാതെ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഉൾപ്പെടെ ബ്ലൈൻഡ് സ്പോട്ട് വാർണിങ്, ലെയിൻ ചേഞ്ച് അലർട്ട്, റിയർ ക്രോസ് ട്രാഫിക് അലർട്ട്, സേഫ് എക്സിറ്റ് വാർണിങ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഇതിനൊപ്പം ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയും സുരക്ഷാ പാക്കേജിന്റെ ഭാഗമാണ്.

പുതുക്കിയ പുറം ഡിസൈൻ

മുൻഭാഗത്ത് ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഡാർക്ക് ക്രോം ഫിനിഷുള്ള പുതിയ ഗ്രിൽ നൽകിയിട്ടുണ്ട്. ബമ്പറിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ഫോക്സ് സ്കിഡ് പ്ലേറ്റും ഡാർക്ക് ക്രോം ഘടകങ്ങളും വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.എൽ-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ (DRLs) നിലനിർത്തിയിട്ടുണ്ടെങ്കിലും ഫോഗ് ലാമ്പുകൾ പുതിയ ത്രികോണാകൃതിയിലുള്ള ഹൗസിങ്ങിലേക്ക് ഉയർത്തി സ്ഥാപിച്ചിട്ടുണ്ട്.വശക്കാഴ്ചയിൽ പുതിയ ഡ്യുവൽ-ടോൺ ക്ലാഡിംഗും പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളും ശ്രദ്ധേയമാണ്. പിൻഭാഗത്ത് വലിയ മാറ്റങ്ങളില്ലെങ്കിലും ടർബോ പതിപ്പുകൾക്ക് ‘Turbo’ ബാഡ്ജിങ്ങും ചുവപ്പ് ഹൈലൈറ്റുകളും നൽകിയിട്ടുണ്ട്.

പ്രീമിയം ഇന്റീരിയറും കൂടുതൽ ഫീച്ചറുകളും

ബ്ലാക്ക്-ബ്രൗൺ ഡ്യുവൽ-ടോൺ തീമിലുള്ള ക്യാബിനിൽ പുതിയ ട്രിം മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻ മോഡലിലെ സിൽവർ ട്രിം മാറ്റി ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നൽകിയിട്ടുണ്ട്. ഡ്യുവൽ-ടോൺ ലെതറെറ്റ് സീറ്റുകൾക്ക് പുതുക്കിയ അപ്ഹോൾസ്റ്ററിയും വിക്ടോറിസിൽ നിന്ന് കടമെടുത്ത പുതിയ HVAC സ്വിച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.ഫീച്ചറുകളുടെ കാര്യത്തിൽ 10.1 ഇഞ്ച് SmartPlay Pro+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രധാന ആകർഷണമാണ്. ബിൽറ്റ്-ഇൻ നാവിഗേഷൻ, അലക്സാ സപ്പോർട്ട് എന്നിവയും ഇതിലുണ്ട്. കൂടാതെ 64-കളർ ആംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, ആക്ടീവ് കൂളിങ് സൗകര്യമുള്ള വയർലെസ് ഫോൺ ചാർജർ എന്നിവയും പുതിയ ബ്രെസയെ കൂടുതൽ ആധുനികമാക്കുന്നു.