ഗൂഗിളിന്റെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ പിക്സല്‍ ഇന്ത്യയില്‍ വ്യാപകമായി നിര്‍മിക്കാന്‍ പദ്ധതി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം തന്നെയാണ് കാരണം. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ഇന്ത്യയിലെ കരാര്‍ നിര്‍മാണ പങ്കാളികളായ ഡിക്സണ്‍ ടെക്നോളജീസ്, ഫോക്സ്കോണ്‍ എന്നിവരുമായി ഇതിനോട് അനുബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. വിയറ്റ്നാമില്‍ നിന്ന് ആഗോള പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉല്പാദനത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്നതിനാണ് പദ്ധതിയൊരുങ്ങുന്നത്.
യുഎസിലേക്കുള്ള പിക്സല്‍ ഫോണ്‍ കയറ്റുമതി നിറവേറ്റുന്നതിനാണ് ഈ നീക്കം.ആല്‍ഫബെറ്റും രണ്ട് നിര്‍മാതാക്കളും തമ്മിലുള്ള ആദ്യ റൗണ്ട് ചര്‍ച്ചകള്‍ ഏകദേശം രണ്ടാഴ്ച മുമ്പാണ് നടന്നത്. അമേരിക്കയുടെ താരിഫ് യുദ്ധത്തിനിടയിലാണ് ഗൂഗിളിന്റെ നീക്കം. നിര്‍മാണ അടിത്തറ വൈവിധ്യവല്‍ക്കരിക്കാനും വിയറ്റ്നാമിനെ ആശ്രയിക്കുന്നത്കു റയ്ക്കാനുമുള്ള ആല്‍ഫബെറ്റിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
വിയറ്റ്നാമീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ വലിയ തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ആഗോള പിക്സല്‍ നിര്‍മാണ ഹബ്ബ് വിയറ്റ്നാമാണ്. വിയറ്റ്നാമില്‍ നിന്നുള്ള ഇറക്കുമതിക്ക് 46 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 26 ശതമാനമാണ്.
