യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് മാറ്റവും അതിന് ഇറാൻ നൽകിയ കടുത്ത മറുപടിയും ആഗോള സമ്പദ്വ്യവസ്ഥയെ വീണ്ടും അലയടിപ്പിക്കുന്നു. ഓഹരി വിപണികൾ തകർച്ചയുടെ പാതയിലേക്കാണ് നീങ്ങുന്നത്. യുദ്ധാന്തരീക്ഷത്തിൽ സ്വർണവില കുതിച്ചുയരുമ്പോൾ എണ്ണവില ‘സെഞ്ചറി’ കടന്ന് കൂടുതൽ ഉയരാനുള്ള സൂചനയാണ് നൽകുന്നത്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സൃഷ്ടിച്ച തടസം നീക്കാൻ യുഎസ് നേരിട്ട് ഇടപെടില്ലെന്ന് മുൻദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങൾ തന്നെ പ്രശ്നം പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടാൽ മാത്രം യുഎസ് പിന്തുണ നൽകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ പിന്നീട് ട്രംപ് ഈ നിലപാട് മാറ്റി.48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ ഊർജ നിലയങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുകയാണെങ്കിൽ ഗൾഫ് മേഖലയിലെ യുഎസിന്റെ ഊർജവും കുടിവെള്ള ശുദ്ധീകരണ സംവിധാനങ്ങളും തകർക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി.ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ സംഘർഷം ഉടൻ അവസാനിക്കില്ലെന്ന ആശങ്ക ശക്തമായി. ഇറാനെ സമ്മർദത്തിലാക്കാൻ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടൊപ്പം ഇറാനും തിരിച്ചടി തുടരുന്നു.
എണ്ണവില ഉയരുന്നു, ഓഹരി വിപണി ഇടിയുന്നു
ട്രംപിന്റെ ഭീഷണിയും ഇറാന്റെ പ്രതികരണവും പിന്നാലെ രാജ്യാന്തര എണ്ണവില ഉയർന്നു. യുഎസ് ക്രൂഡ് (WTI) ബാരലിന് 0.5% ഉയർന്ന് 98.73 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 0.5% വർധിച്ച് 112.76 ഡോളറിലെത്തി.
യുഎസ് ഓഹരി വിപണിയിൽ ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് മന്ദഗതിയിലായിരുന്നു. എസ് & പി 500 ഫ്യൂച്ചേഴ്സ് 0.1%യും നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.2%യും ഇടിഞ്ഞു.
യുഎസും ഇസ്രയേലും ശക്തമായ ആക്രമണം നടത്തിയിട്ടും ഇറാൻ തളരാത്തത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. വെടിനിർത്തൽ പരിഗണനയിലില്ലെന്ന് ട്രംപ് വ്യക്തമാക്കിയ സാഹചര്യത്തിൽ യുദ്ധം നീളുമെന്ന സൂചനകൾ ശക്തമാണ്. ഹോർമുസ് പ്രതിസന്ധിയും ഉയർന്ന എണ്ണവിലയും ആഗോള വിപണികളെ പ്രതികൂലമായി ബാധിച്ചു.
ഏഷ്യൻ വിപണികൾക്കും തിരിച്ചടി
ജാപ്പാനിലെ നിക്കേയ് സൂചിക ഒരിടവേളയിൽ 5% വരെ ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 6%യും കോസ്ഡാക് 5%യും ഇടിഞ്ഞു. ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 2.4% താഴ്ന്നപ്പോൾ ഹോങ്കോങ്ങിന്റെ ഹാങ് സെങും ചൈനയുടെ ഷാങ്ഹായ് സൂചികയും 2% വീതം ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യക്കും ആശങ്ക
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് രാവിലെ 340 പോയിന്റ് ഇടിഞ്ഞു. ഇതോടെ സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ വലിയ നഷ്ടത്തിലേക്ക് നീങ്ങാമെന്ന ആശങ്ക ഉയരുന്നു.

