കാത്തിരിപ്പിന് വിരാമമിട്ട് ടാറ്റ മോട്ടോഴ്‌സ് പുതിയ സിയേറ ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 18.79 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില. ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ മഹീന്ദ്ര BE 6, മാരുതി സുസുക്കി e Vitara, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി ZS EV, വിൻഫാസ്റ്റ് VF6 തുടങ്ങിയ മോഡലുകൾക്ക് ശക്തമായ വെല്ലുവിളിയാകും സിയേറ ഇവി.
രണ്ട് ബാറ്ററി ഓപ്ഷനുകൾ
ടാറ്റയുടെ Acti.ev+ പ്ലാറ്റ്ഫോമിലാണ് സിയേറ ഇവി നിർമിച്ചിരിക്കുന്നത്. 63kWh, 75kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളിലാണ് വാഹനം ലഭ്യമാകുന്നത്. രണ്ട് പതിപ്പിലും റിയർ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡാണ്. 75kWh പതിപ്പിൽ ഓൾ-വീൽ ഡ്രൈവ് (AWD) ഓപ്ഷനും ലഭ്യമാണ്.504Nm ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന AWD പതിപ്പിൽ ബൂസ്റ്റ് മോഡ് ഉപയോഗിച്ചാൽ വെറും 5.8 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഓഫ്-റോഡിങ് ആവശ്യങ്ങൾക്ക് ആറ് ടെറൈൻ മോഡുകൾ, ലോ-സ്പീഡ് ക്രൂയിസ് കൺട്രോൾ, 540 ഡിഗ്രി ക്യാമറ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഒറ്റ ചാർജിൽ 665 കിലോമീറ്റർ വരെ
MIDC സാക്ഷ്യപ്പെടുത്തിയ കണക്കുകൾ പ്രകാരം 75kWh ബാറ്ററി പതിപ്പിന് ഒറ്റ ചാർജിൽ 665 കിലോമീറ്ററും, 63kWh പതിപ്പിന് 565 കിലോമീറ്ററും വരെ സഞ്ചരിക്കാനാകും. 120kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 15 മിനിറ്റിൽ 263 കിലോമീറ്റർ യാത്രയ്ക്കുള്ള ചാർജ് ലഭിക്കും. 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 26 മിനിറ്റ് മാത്രം മതിയാകും.ടാറ്റയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളെ പോലെ സിയേറ ഇവിക്കും ലൈഫ് ടൈം ബാറ്ററി വാറന്റി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ഡിസൈൻ
സിയേറയുടെ പെട്രോൾ, ഡീസൽ പതിപ്പിനോട് സാമ്യമുള്ള രൂപകൽപ്പനയാണ് ഇവിക്കും. എന്നാൽ മുൻവശത്ത് കൂടുതൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള ബമ്പർ, പരിഷ്കരിച്ച ലൈറ്റ് ഡിസൈൻ, പ്രത്യേക EV ബാഡ്ജിങ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ. 205 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.
വിശാലമായ കാബിനും പ്രീമിയം ഫീച്ചറുകളും
ട്രിപ്പിൾ സ്ക്രീൻ ഡാഷ്ബോർഡ്, പ്രീമിയം ഇന്റീരിയർ, 622 ലീറ്റർ ബൂട്ട് സ്പേസ് എന്നിവയാണ് കാബിന്റെ പ്രധാന ആകർഷണങ്ങൾ. പിൻസീറ്റുകൾ മടക്കിയാൽ ബൂട്ട് സ്പേസ് 1,257 ലീറ്റർ വരെ വർധിപ്പിക്കാം.
പ്രധാന സവിശേഷതകൾ
ട്രിപ്പിൾ ഡിജിറ്റൽ സ്ക്രീൻ സെറ്റപ്പ്
12-സ്പീക്കർ JBL ബ്ലാക്ക് ഓഡിയോ സിസ്റ്റം
ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ
പനോരമിക് സൺറൂഫ്
ആംബിയന്റ് ലൈറ്റിങ്
വെന്റിലേറ്റഡ് സീറ്റുകൾ
കാബിൻ എയർ പ്യൂരിഫയർ
പവേർഡ് ടെയിൽഗേറ്റ്
ലെവൽ-2 ADAS സുരക്ഷാ സംവിധാനം
ഹെഡ്സ്-അപ്പ് ഡിസ്പ്ലേ
ഡിജിറ്റൽ കീ
6 എയർബാഗുകൾ
സമൺ മോഡ്
ഡ്രൈവ്‌പേ ഇൻ-കാർ പേയ്മെന്റ് സംവിധാനം
കണക്റ്റഡ് കാർ ടെക്നോളജി
ദൈർഘ്യമേറിയ റേഞ്ച്, അതിവേഗ ചാർജിങ്, ആധുനിക സാങ്കേതികവിദ്യ, പ്രീമിയം ഫീച്ചറുകൾ എന്നിവയോടെ ടാറ്റ സിയേറ ഇവി ഇന്ത്യൻ ഇലക്ട്രിക് എസ്‌യുവി വിപണിയിലെ പ്രധാന താരങ്ങളിലൊന്നാകുമെന്നാണ് വിലയിരുത്തൽ.
