ഇന്ത്യയിൽ നിർമിച്ച് യുഎസിലേക്ക് കയറ്റുമതി ചെയ്ത ആപ്പിൾ ഐഫോണുകളുടെ എണ്ണം ഏപ്രിലിൽ കുറിച്ചത് 76% വാർഷിക വളർച്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസും ചൈനയും തമ്മിലെ ചുങ്കപ്പോര് വഷളായതും ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയിൽ ഐഫോൺ നിർമാണം കൂട്ടാനുള്ള ആപ്പിളിന്റെ തീരുമാനവുമാണ് കയറ്റുമതിക്കുതിപ്പിന് പിന്നിൽ.ഏപ്രിലിൽ ഏകദേശം 30 ലക്ഷം ഐഫോണുകളാണ് ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തിയത്. ചൈനയുടെ കയറ്റുമതി 9 ലക്ഷം മാത്രമെന്ന് വിപണിനിരീക്ഷകരായ കാനലിസിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനീസ് കയറ്റുമതിയിലുണ്ടായ ഇടിവും 76%. നേരത്തെ, കോവിഡ്-19 ആഞ്ഞടിച്ച സാഹചര്യത്തിലാണ് ചൈനയിൽ നിന്ന് ആപ്പിൾ ഇന്ത്യയിലേക്ക് ശ്രദ്ധമാറ്റിയത്. സമീപകാലത്ത് യുഎസ്-ചൈന വ്യാപാരയുദ്ധം കടുപ്പത്തിലായതോടെ ആപ്പിൾ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഐഫോൺ കയറ്റുമതി ആദ്യമായി ചൈനയെ മറികടന്നത്. ട്രംപിന്റെ പകരച്ചുങ്കം ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുമെന്നിരിക്കേ, അതിനുമുന്നോടിയായി ഐഫോൺ കയറ്റുമതി ആപ്പിൾ കുത്തനെ കൂട്ടിയതായിരുന്നു കാരണം. യുഎസിലേക്കുള്ള ഐഫോൺ, മറ്റ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയെ പകരച്ചുങ്കത്തിൽ നിന്ന് ട്രംപ് പിന്നീട് ഒഴിവാക്കിയെങ്കിലും കയറ്റുമതിയിലെ കുതിപ്പിന് ശമനമുണ്ടായില്ല.
ഇപ്പോഴും ചൈനയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിക്ക് ട്രംപ് പ്രഖ്യാപിച്ച 30% അധിക ഇറക്കുമതിച്ചുങ്കം ബാധകമാണ്. ഇന്ത്യയിൽ നിന്നുള്ളതിന് 10 ശതമാനമേയുള്ളൂ. ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഐഫോൺ കയറ്റുമതി നിലവിലെ മുന്നേറ്റ ട്രെൻഡ് തുടരാനുള്ള സാധ്യത വിരളമാണെന്ന വിലയിരുത്തലുകളുമുണ്ട്. ശരാശരി 2 കോടി ഐഫോണുകളാണ് ഓരോ ത്രൈമാസത്തിലും യുഎസിലെ ഡിമാൻഡ്.
മാത്രമല്ല, ഇന്ത്യയിലെ ഉൽപാദനം കുറയ്ക്കാനും അമേരിക്കയിൽ ഫാക്ടറി സ്ഥാപിക്കാനും ആപ്പിളിനുമേൽ ട്രംപിന്റെ വലിയ സമ്മർദവുമുണ്ട്. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ നിർമിച്ച് യുഎസിൽ വിൽപനയ്ക്കെത്തിക്കുന്ന ഐഫോണിന് 25% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്.
