ഇന്ത്യയിൽ നിന്ന് ഐഫോൺ കയറ്റുമതിയിൽ വൻ നേട്ടം; 2025-ൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഫോണുകൾ

2025-ൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ മൂല്യത്തിന് കയറ്റുമതി ചെയ്ത ഉൽപ്പന്നമായി ഐഫോൺ മാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവിധ ഫാക്ടറികളിലൂടെ ഏകദേശം 23 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്തത്.2025-ൽ ഇന്ത്യയിൽ നിന്നുള്ള മൊത്തം സ്മാർട്ട്‌ഫോൺ കയറ്റുമതി 30.13 ബില്യൺ ഡോളർ ആയിരുന്നു. ഇതിൽ ഏകദേശം 76 ശതമാനവും ആപ്പിളിന്റെ ഐഫോണുകളാണ്. 2024-നെ അപേക്ഷിച്ച് സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 47 ശതമാനം വളർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്.

2024-ൽ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 11.5 ബില്യൺ ഡോളർ മാത്രമായിരുന്നു. അതായത് ഒരു വർഷത്തിനുള്ളിൽ കയറ്റുമതി മൂല്യം ഏകദേശം ഇരട്ടിയിലേറെയായി. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ 16.34 ബില്യൺ ഡോളർ മൂല്യമുള്ള ഡീസൽ ഇന്ധനം മൂന്നാം സ്ഥാനത്താണ്.അതേസമയം, ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഐഫോൺ ഇറക്കുമതിക്ക് യുഎസ് സർക്കാർ ഏർപ്പെടുത്തിയിരുന്ന ‘ഫെന്റനിൽ ടാരിഫ്’ പിൻവലിച്ചാൽ, 2026-ൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ വളർച്ചയെ അത് ബാധിക്കാമെന്നാണ് ചില വിലയിരുത്തലുകൾ.

ഇന്ത്യയിൽ ഐഫോൺ ഉൽപ്പാദനം വേഗത്തിൽ ഉയർന്നതിനു പിന്നിൽ മൂന്ന് പ്രധാന ഘടകങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി

ടാറ്റാ ഗ്രൂപ്പ് പോലുള്ള ഇന്ത്യൻ കമ്പനികൾ സപ്ലൈ ചെയിനിലേക്ക് പ്രവേശിച്ചത്

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതി

ഈ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി ആപ്പിൾ ഇന്ത്യയെ പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറ്റിയതാണ് വലിയ നേട്ടത്തിന് വഴിയൊരുക്കിയത്.

നിലവിൽ ഇന്ത്യയിൽ ആപ്പിളിനായി അഞ്ച് ഫാക്ടറികൾ പ്രവർത്തിക്കുന്നു. ഇതിൽ മൂന്ന് ഫാക്ടറികൾ ടാറ്റാ ഗ്രൂപ്പും രണ്ട് ഫാക്ടറികൾ ഫോക്സ്കോൺ കരാറടിസ്ഥാനത്തിലാണ് നടത്തുന്നത്. ഇതോടെ ഇന്ത്യ ആഗോള ഐഫോൺ നിർമ്മാണ ശൃംഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറുകയാണ്.