ഹോർമുസിൽ നിർണായക നീക്കവുമായി ഇറാൻ; കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ ടോൾ ഈടാക്കാൻ തീരുമാനം

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നിന്ന് വൻ തുക ടോൾ ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ (ഏകദേശം 18.8 കോടി രൂപ) വരെ ട്രാൻസിറ്റ് ഫീസ് ഈടാക്കാനാണ് നീക്കം. ഇസ്രയേൽ–അമേരിക്ക സംഘർഷ പശ്ചാത്തലത്തിൽ ഈ നിർണായക നടപടി, പ്രധാന കപ്പൽപ്പാതയുടെ നിയന്ത്രണം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു.

“ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ ട്രാൻസിറ്റ് ഫീസ് ഈടാക്കും. ഇത് ഇറാന്റെ ശക്തിയുടെ പ്രകടനമാണ്. യുദ്ധത്തിന് വലിയ വില നൽകേണ്ടിവരും,” എന്ന് ഇറാൻ പാർലമെന്റ് അംഗവും ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ അലാദിൻ ബറോജെർഡി, ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയോട് പറഞ്ഞു. ടോൾ ഈടാക്കൽ ഇതിനകം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തിപ്പെടുത്താനുള്ള ഇറാന്റെ തന്ത്രപരമായ നീക്കമായി ഇതിനെ കാണുന്നു. ലോകത്തിലെ എണ്ണയും വാതകവും ഉൾപ്പെടുന്ന പ്രധാന വിതരണ പാതകളിൽ ഒന്നാണ് ഹോർമുസ്.

ഇതിനിടെ, വൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വഴി ഗൾഫ് രാജ്യങ്ങളുടെയും അമേരിക്കയുടെയും കുടിവെള്ള വിതരണത്തെ ബാധിക്കാമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിരുന്നു. കടൽജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ പ്ലാന്റുകൾ ലക്ഷ്യമാക്കാമെന്നതാണ് ഭീഷണി. 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രതികരണം.