സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണത്തിനായി 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും, ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശികകൾ പൂർണ്ണമായും നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും. ബാക്കി ഡിഎ, ഡിആർ ഗഡുക്കൾ മാർച്ച് മാസത്തോടെ വിതരണം ചെയ്യുമെന്നും ബജറ്റിൽ അറിയിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിരമിക്കുന്നതിന് തൊട്ടുമുൻപുള്ള അവസാന ശമ്പളത്തിലെ അടിസ്ഥാന വേതനത്തിന്റെ പരമാവധി 50 ശതമാനം പെൻഷനായി ഉറപ്പുനൽകുന്നതാണ് പുതിയ പദ്ധതി. ഡിആർ അനുവദിക്കുന്ന സംവിധാനവും ഇതിന്റെ ഭാഗമായിരിക്കും.
നിലവിലെ എൻപിഎസ് സംവിധാനത്തിൽ നിന്ന് അഷ്വേർഡ് പെൻഷൻ പദ്ധതിയിലേക്ക് മാറാൻ ജീവനക്കാർക്ക് അവസരം ഉണ്ടായിരിക്കുമെന്നും, എൻപിഎസിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ തുടരാമെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യുന്ന സംവിധാനവും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും ധനമന്ത്രി അറിയിച്ചു.കൂടാതെ, സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പദ്ധതി പുനഃസ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
