2003ൽ ആണ് ആശയവിനിമയത്തിലെ വിപ്ലവമായി സ്കൈപ് എത്തിയത്. ഫ്രീയായി വിഡിയോ കോള്‍ നടത്താന്‍ അനുവദിച്ചിരുന്ന സേവനമായിരുന്നു സ്കൈപ്. പക്ഷേ സൂം, ഗൂഗിൾ മീറ്റ്, പോലുള്ള ആപ്പുകളുടെ കടന്നുവരവോടെ ഈ പ്ലാറ്റ്ഫോമിന്റെ പ്രസക്തി നഷ്ടമായി.ഈ വർഷം ആദ്യം, മൈക്രോസോഫ്റ്റ് തങ്ങളുടെ സ്കൈപ് വിഡിയോ കോൺഫറൻസിങ് സേവനം ഇന്ന് (മെയ് 5) നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു.
എന്നെ സ്കൈപ്പില്‍ വിളിക്കൂ (സ്കൈപ് മീ) എന്ന പ്രയോഗമൊക്കെ ഈ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. പക്ഷേ കോവിഡ് കാലത്ത് സൂം പോലെയുള്ള വിഡിയോ കോള്‍ സേവനങ്ങള്‍ നിറഞ്ഞാടിയപ്പോഴും സ്കൈപ് നിറംകെട്ടു കിടന്നു എന്നതും ചരിത്രമാണ്. സ്കൈപ്പിന് ഇപ്പോഴും 30 ദശലക്ഷത്തോളം ഉപയോക്താക്കളുണ്ടെന്നാണ് കമ്പനി പറയുന്നത്.
ഇനിയിപ്പോള്‍ സ്കൈപ്പിനു പകരം മൈക്രോസോഫ്റ്റ് ടീംസ് ആയിരിക്കും പ്രവര്‍ത്തിപ്പിക്കുക. ടീമുകൾ എന്നത് ഒരു പ്രത്യേക പ്രോജക്റ്റ്, ഡിപ്പാർട്ട്മെൻ്റ് അല്ലെങ്കിൽ ലക്ഷ്യം എന്നിവയെ അടിസ്ഥാനമാക്കി രൂപീകരിക്കുന്ന ഗ്രൂപ്പുകളാണ്. പലതരം മൈക്രോസോഫ്റ്റ് 365 ആപ്ലിക്കേഷനുകളും (വേർഡ്, എക്സൽ, പവർപോയിൻ്റ് തുടങ്ങിയവ) തേർഡ് പാർട്ടി ആപ്ലിക്കേഷനുകളും ടീംസുമായി സംയോജിപ്പിക്കാൻ കഴിയും.
