സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.മാർച്ച് 31 വരെ

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.മാർച്ച് 31 വരെ ഇതു തുടരും. ‘സഹകരണ നിക്ഷേപം  കേരള വികസനത്തിന്’ എന്നതാണ് 2023 ലെ 43-ാമത് നിക്ഷേപ സമാഹരണ ക്യാമ്പയിന്റെ മുദ്രാവാക്യം.

9000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം.  പ്രാഥമിക സഹകരണ സംഘങ്ങളിലും  കേരളബാങ്കിലുമുള്ള നിക്ഷേപ പലിശ നിരക്കും വർധിപ്പിച്ചു. ഇതനുസരിച്ച് പ്രാഥമിക സഹകരണ മേഖലയിലെ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് അര ശതമാനം വരെ പലിശ ഉയർത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിരക്കുയർത്തിയത്. രണ്ട് വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് കാൽ ശതമാനമാണ് നിരക്ക് വർധനവ്

കേരള സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾ, പ്രാഥമിക സഹകരണ കാർഷിക വായ്പാ സംഘങ്ങൾ, സർവീസ് സഹകരണ ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന മറ്റു വായ്പേതര സഹകരണ സംഘങ്ങൾ എന്നിവ ഈ നിക്ഷേപ സമാഹരണ ക്യാമ്പയിന്റെ ഭാഗമാകും.

ലക്ഷ്യമിടുന്ന തുകയുടെ 30 ശതമാനം ചെലവു കുറഞ്ഞ കറന്റ് അക്കൗണ്ട്, സേവിങ്‌സ് ബാങ്ക് അക്കൗണ്ട് എന്നിവയായിരിക്കണമെന്ന നിർദ്ദേശം ഉണ്ട്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്ന സഹകരണ സംഘങ്ങളെ സമാഹരണ ലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കും. യുവജനങ്ങളെ കൂടുതലായി സഹകരണ മേഖലയിലേക്ക് ആകർഷിക്കാനുള്ള നടപടികളും ഉണ്ട്.