സമ്പൂർണ ഡിജിറ്റൽവൽക്കരണത്തിലേക്ക് സിയാൽ. ദേഹപരിശോധനയും ബാഗേജ് നീക്കവും അടക്കമുള്ള സുരക്ഷാ നടപടികൾക്ക് ഇനി അതിവേഗം നടക്കും. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് സിയാൽ 2.0 എന്നാണ് പേര്. നിർമിത ബുദ്ധി, ഓട്ടമേഷൻ, സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റൈസ് ചെയ്യുകയാണ്.
200 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതികൾ 19ന് വൈകിട്ട് സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (സി-ഡോക്) പ്രവർത്തന സജ്ജമാകുന്നതോടെ എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതിക വിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകും. യാത്രക്കാരുടെ സുരക്ഷാ പരിശോധനകൾ വേഗത്തിലും സുരക്ഷാ ഭടൻമാരുടെ ഇടപെടൽ ഇല്ലാതെയും പൂർത്തിയാക്കാൻ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിച്ചു വരുന്നു. കാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റവും സ്ഥാപിക്കും.വിമാനത്താവളത്തിന്റെ ഓപ്പറേഷനൽ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4000 ക്യാമറകൾ സ്ഥാപിക്കും.
സൈബർ ഇടത്തിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന വിവര സാങ്കേതിക വിദ്യ അധിഷ്ഠിത പദ്ധതികളാണ് സിയാൽ 2.0യിൽ. കൊച്ചി വിമാനത്താവളത്തിന്റെ വളർച്ചയുടെ പുതിയൊരു ഘട്ടത്തിന് ഇതോടെ തുടക്കം കുറിക്കുകയാണ്
