സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്നും എന്നാല്‍, ഇതിനിടയിലും കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.സാമ്പത്തിക പ്രതിസന്ധിക്കിടെയും കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ ധൂര്‍ത്തെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തിനും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി നല്‍കി.കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. കേരളത്തെ ശ്വാസമുട്ടിക്കുന്ന ഈ കേന്ദ്ര നടപടിക്കിടെയും ഏറ്റവും വലിയ ചിലവ് നേരിടേണ്ടിവരുമ്പോഴും അതെല്ലാം കൊടുത്തുതീര്‍ത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നത്.

കേന്ദ്രത്തിന്‍റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല. നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നറിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുകയാണ്.കേരളത്തിന്‍റെ താല്പര്യം പ്രതിപക്ഷ നേതാവ് ഉയർത്തി പിടിക്കണം. കേരളത്തിന് പണം അനുവദിക്കാത്തതിനെതിരെയുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പിടാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറാകുന്നില്ല.

കുട്ടനാട്ടിലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരവും വിഷമകരവുമായ കാര്യമാണെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരു കര്‍ഷകനും ഇങ്ങനെ അവസ്ഥ വരുരുത്. പിആര്‍എസ് വായ്പയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചില കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. കേരളത്തില്‍ ലൈഫ് പദ്ധതി പ്രകാരം നാലു ലക്ഷം പേര്‍ക്ക് വീട് നല്‍കിയിട്ടുണ്ടെന്നും ഇപ്പോഴത്തെ എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്ര നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.