സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലും നോൺവെജ് മയോണൈസ് ഇനിയില്ല , ബേക്കേഴ്സ് അസോസിയേഷന്‍

ഇനിമുതൽ സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകള്‍ വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആകും ലഭ്യമാകുക. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. കൊച്ചിയില്‍ ചേര്‍ന്ന ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്ക് അറിയിച്ചു.

‌‌ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അല്‍ഫാം, കുഴിമന്തി, ഷവർമ പോലുള്ള ഭക്ഷണത്തോടൊപ്പം നല്‍കുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിനു നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളില്‍ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്ക് പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍, റസ്റ്ററന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിങ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു. ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല. എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീന്‍ റേറ്റിങ്ങില്‍ എല്ലാ സ്ഥാപനങ്ങളും സഹകരിക്കേണ്ടതാണ്. ശുചിത്വം ഉറപ്പാക്കി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നല്ല രീതിയില്‍ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു