ശ്രീലങ്കയില്‍ 10,000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി

സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ 10,000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി നല്‍കി. ഡോളര്‍ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ രൂപയിലുള്ള വിനിമയം ശ്രീലങ്കയ്ക്ക് സഹായകരമാകും. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ രൂപയെ ജനപ്രിയ കറന്‍സിയാക്കാനും ഡോളറിന്മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുമുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിക്കൂടിയാണ് തീരുമാനം.

ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ രൂപയെ മറ്റ് കറന്‍സികളിലേയ്ക്ക് മാറ്റാനുള്ള അവസരവും ഇതോടെ ലഭിക്കും. ഇത്തരത്തിലുള്ള വിനിമയത്തിന് ശ്രീലങ്കയിലെ ബാങ്കുകള്‍ നോസ്‌ട്രോ (വിദേശ കറന്‍സി അക്കൗണ്ട്) അക്കൗണ്ടുകള്‍ തുറക്കുന്നതിന് ഇന്ത്യയിലെ ബാങ്കുകളുമായി കരാറിലെത്തേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് സേവനം നല്‍കുന്ന ശ്രീലങ്കന്‍ ബാങ്കുകളുടെ(ഓഫ്‌ഷോര്‍ യൂണിറ്റ്) ശാഖകള്‍ക്ക് പ്രവാസികളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

നേരത്തെ ഇത്തരം ഇടപാടുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിരുന്നുവെങ്കിലും ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് രൂപയെ വിദേശ കറന്‍സിയായി വിജ്ഞാപനം ചെയ്തിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ മാറ്റംവന്നത്. യുഎസ് ഡോളര്‍, പൗണ്ട് സ്റ്റെര്‍ലിങ്, റെന്‍മിന്‍ബി, ക്രോണര്‍, സ്വിസ് ഫ്രാങ്ക് എന്നിവ ഉള്‍പ്പടെ 15 കറന്‍സികളാണ് ശ്രീലങ്കയുടെ വിദേശ കറന്‍സി പട്ടികയിലുള്ളത്.ഇതുപ്രകാരം ശ്രീലങ്കക്കാര്‍ക്കും പ്രവാസികള്‍ക്കുമിടയില്‍ കറന്റ് അക്കൗണ്ട് ഇടപാടുകള്‍ നടത്താം.