വ്യാവസായിക – അക്കാദമിക സംഗമം “കോണ്‍ഫ്‌ളുവന്‍സ് 2024” രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് കോളേജിൽ നവംബര്‍ ആറിന്

ഇന്ത്യയിലെ വലിയ വ്യാവസായിക – അക്കാദമിക സംഗമം, “കോണ്‍ഫ്‌ളുവന്‍സ് 2024” കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ നവംബര്‍ ആറിന് നടക്കും. കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ്‌ഗോപി “കോണ്‍ഫ്‌ളുവന്‍സ് 2024” ഉദ്ഘാടനം ചെയ്യും.

കോണ്‍ഫ്‌ളുവന്‍സ് 2024ല്‍ വ്യവസായ പ്രമുഖരും ഐടി പ്രഫഷനലുകളും ഗവേഷകരും വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളും പങ്കെടുക്കും.നവംബര്‍ ആറിന് രാവിലെ എട്ടര മുതലാണ് റജിസ്‌റ്റർ ചെയ്തവർക്ക് പ്രവേശനം. ‘ഫ്യൂച്ചര്‍ ഓഫ് ടാലന്റ്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള കോണ്‍ഫ്‌ളുവന്‍സ് 2024 ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ ഒമ്പതരയോടെ ആരംഭിക്കും.

കോണ്‍ഫ്‌ളുവന്‍സ് 2024ന്റെ ഭാഗമായുള്ള പിഎച്ച്ഡി കോണ്‍ക്ലേവില്‍ പിഎച്ച്ഡി ഗവേഷകര്‍ക്ക് അവരുടെ ഗവേഷണം അക്കാദമിക ലോകത്തെയും വ്യവസായ ലോകത്തേയും പ്രമുഖര്‍ മുമ്പാകെ പരിചയപ്പെടുത്താന്‍ അവസരം ലഭിക്കും. നിലവില്‍ നടക്കുന്നതോ പൂര്‍ത്തിയായതോ ആയ ഗവേഷണങ്ങളെ പോസ്റ്ററുകളും ചര്‍ച്ചകളും വഴി പരിചയപ്പെടുത്താന്‍ ഫണ്ടഡ് റിസര്‍ച്ച് പ്രൊജക്ട്‌സ് എക്‌സിബിഷനില്‍ അവസരമുണ്ടാവും. സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും അവരുടെ സാധ്യതകളെ പരിചയപ്പെടുത്താന്‍ സ്റ്റാര്‍ട്ട്അപ്പ് ആൻഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍സ് എക്‌സ്‌പോയില്‍ അവസരം ലഭിക്കും.

വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി മൂന്ന് സമാന്തര സെഷനുകളിലായി എട്ട് വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ആദ്യ സമാന്തര സെഷനില്‍ സൈബര്‍ സുരക്ഷ, ഡിസൈന്‍ തിങ്കിങ്, എഐ ഉപയോഗിച്ചുള്ള സംഗീത നിര്‍മാണം എന്നീ വിഷയങ്ങളും രണ്ടാം സെഷനില്‍ ഡിപിഡിപി ആക്ട് 2023, ഐബിഎം വാട്‌സണ്‍.എഐ എന്നീ വിഷയങ്ങളും അവതരിപ്പിക്കും. മൂന്നാമത്തെ സമാന്തര സെഷനിലാണ് ക്വാണ്ടം കംപ്യൂട്ടിങ്, എഐ ഇന്‍ മാറ്റ്‌ലാബ്, കണ്‍വെര്‍ട്ടിങ് ഐഡിയാസ് ഇന്‍ടു പ്രോട്ടോടൈപ്പ് എന്നീ വിഷയങ്ങള്‍ അവതതരിപ്പിക്കപ്പെടുക.