വൈദ്യുതി ഉപയോക്താക്കളിൽനിന്നു പിരിച്ചെടുക്കുന്ന തീരുവ സർക്കാർ ഖജനാവിലേക്കു മാറ്റാൻ തീരുമാനിച്ച സാഹചര്യത്തിൽ 120 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡി നൽകണമെങ്കിൽ ബോർഡിനു സർക്കാർ വർഷം 403 കോടി രൂപയോളം നൽകേണ്ടി വരും. ഇതു സംബന്ധിച്ച ഉത്തരവ് ഉണ്ടായില്ലെങ്കിൽ 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെക്കാൾ വർധിക്കും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന പാവപ്പെട്ടവർക്ക് സൗജന്യമായി വൈദ്യുതി നൽകാനും സാധിക്കില്ല.
വൈദ്യുതി തീരുവയായി ഒരു വർഷം പിരിക്കുന്ന 1000 കോടിയോളം രൂപയിൽ നിന്നാണ് സബ്സിഡിയും ബോർഡ് ജീവനക്കാരുടെ പെൻഷനും നൽകിയിരുന്നത്. തീരുവ സർക്കാരിന് അവകാശപ്പെട്ടതാണെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയും നവംബർ 1 മുതൽ ഇത് സർക്കാർ ഖജനാവിലേക്ക് അടയ്ക്കണമെന്നു ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതിൽനിന്നു 403 കോടി രൂപയെങ്കിലും സർക്കാർ കൈമാറിയാലേ സബ്സിഡി നൽകാൻ കഴിയൂ. അതിനുള്ള ഉത്തരവ് വൈകാതെ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

