വെറും 14 ദിവസത്തിൽ 25,000 ബുക്കിങ് നേടി മാരുതിയുടെ പുതിയ എസ്യുവി ‘വിക്ടോറിസ്’

മാരുതി സുസുക്കിയുടെ പുതിയ എസ്യുവി ‘വിക്ടോറിസ്’ ബുക്കിങ് ആരംഭിച്ച് വെറും 14 ദിവസത്തിനുള്ളിൽ തന്നെ 25,000 ബുക്കിങ് നേടിയെടുത്തിരിക്കുകയാണ് വാഹനം. അരീന ചാനൽ വഴിയാണ് വിക്ടോറിസ് വിൽപനയ്ക്കെത്തുന്നത്. വില ₹10.50 ലക്ഷം മുതൽ ആരംഭിക്കുന്നു. ബ്രെസയും ഗ്രാൻഡ് വിറ്റാരയും തമ്മിലുള്ള സ്ഥാനത്താണ് വിക്ടോറിസ് എത്തുന്നത്.

വാഹനത്തോടൊപ്പം പ്രതിമാസ വാടക പ്ലാനും മാരുതി അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം ₹27,707 നൽകി വിക്ടോറിസ് വാടകയ്ക്ക് എടുക്കാനാകും. ഈ പദ്ധതിയിൽ രജിസ്ട്രേഷൻ, മെയിന്റനൻസ്, ഇൻഷുറൻസ്, റോഡ്സൈഡ് അസിസ്റ്റൻസ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉൾപ്പെടും.ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമമായ കാർ എന്ന റെക്കോർഡും വിക്ടോറിസ് സ്വന്തമാക്കി. പ്രത്യേകിച്ച് ഹൈബ്രിഡ് മോഡലിനാണ് ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുക. മാരുതി ഗ്രാൻഡ് വിറ്റാരയുടെയും ടൊയോട്ട ഹൈറൈഡറിന്റെയും സമാന പവർട്രെയിൻ ഓപ്ഷനുകളാണ് വിക്ടോറിസിനുള്ളത്.

സുരക്ഷയിലും വിക്ടോറിസ് മുന്നിൽ തന്നെ. ആറ് എയർബാഗുകൾ, ABS with EBD, 360° ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകൾ. മാരുതിയുടെ ആദ്യ ലെവൽ-2 ADAS സ്യൂട്ട് ഉൾപ്പെടുത്തിയ മോഡൽ കൂടിയാണ് വിക്ടോറിസ്. ഭാരത് NCAPയും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിലും വാഹനം 5-സ്റ്റാർ റേറ്റിംഗ് നേടി.

നിറവൈവിധ്യമുള്ള വിക്ടോറിസിൽ നാല് ഡ്രൈവിംഗ് മോഡുകൾ ലഭ്യമാണ്. ഇന്ത്യയിൽ നിർമ്മിച്ച് 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കി മോഡലുകളുടെ പട്ടികയിലും വിക്ടോറിസ് ഇടം നേടി.