വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായ വകുപ്പിനു കീഴിൽ വാണിജ്യ വിഭാഗവും

വ്യാപാരി സമൂഹം ഉൾപ്പെടുന്ന സംസ്ഥാനത്തെ വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായ വകുപ്പിനു കീഴിൽ വാണിജ്യ വിഭാഗവും വ്യവസായ–വാണിജ്യ ഡയറക്ടറേറ്റിൽ പ്രത്യേക ഡിവിഷനും രൂപീകരിക്കും. വാണിജ്യ വകുപ്പ് രൂപീകരിക്കുന്നതിനു മുന്നോടിയായാണ് മന്ത്രിസഭാ തീരുമാനം.

നവകേരള സദസ്സിലും വ്യാപാരി സംഘടനകളുമായുള്ള ചർച്ചകളിലും വാണിജ്യത്തിനു പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യമുയർന്നിരുന്നു. ഉദ്യോഗസ്ഥരെ പുനഃക്രമീകരണത്തിലൂടെ നിയമിക്കുമെന്നതിനാൽ അധിക സാമ്പത്തിക ബാധ്യതയില്ലെന്നു സർക്കാർ പറയുന്നു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി–1, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെടും. നിലവിൽ രണ്ടു പ്രിൻസിപ്പൽ സെക്രട്ടറിമാരാണ് വ്യവസായ വകുപ്പിലുള്ളത്. ഐഎഎസ് കേഡറിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സ്പെഷൽ ഓഫിസർ കൊമേഴ്സ് ആയും നിയമിക്കും. വാണിജ്യ വിഭാഗത്തിനു മാത്രമായി ഡയറക്ടറേറ്റിൽ ഒരു ജോയിന്റ് ഡയറക്ടർ, ഒരു ഡപ്യൂട്ടി ഡയറക്ടർ, രണ്ടു ക്ലാർക്ക് എന്നിവരുണ്ടാകും.

ജില്ലകളിൽ വ്യവസായ കേന്ദ്രം മാനേജരുടെ സമാന തസ്തികയിൽ ഓരോ ‍‍‍‍ഡപ്യൂട്ടി ഡയറക്ടർ, ഓരോ ക്ലറിക്കൽ സ്റ്റാഫ് എന്നിവരുമുണ്ടാകും. വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് സെക്രട്ടേറിയറ്റിൽ വ്യവസായ വകുപ്പിനു കീഴിൽ ഒരു അണ്ടർ സെക്രട്ടറിയെക്കൂടി നിയോഗിക്കും