പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 180 രൂപ കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,131 രൂപയിൽ നിന്ന് 2,951 രൂപയായി കുറഞ്ഞു.
സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലും വില കുറവുണ്ട്. കോഴിക്കോട്ട് പുതിയ വില 2,983 രൂപയും തിരുവനന്തപുരത്ത് 2,971.50 രൂപയുമാണ്.
ക്രൂഡോയിൽ വില കുറഞ്ഞതോടെ ആശ്വാസം
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110 മുതൽ 120 ഡോളർ വരെ ഉയർന്നിരുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും എൽപിജി വിതരണത്തെ ബാധിച്ചതോടെ വാണിജ്യ സിലിണ്ടർ വിലയിൽ വലിയ വർധനയുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ക്രൂഡോയിൽ വില ബാരലിന് ഏകദേശം 70 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതോടെയാണ് എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ ഇളവ് പ്രഖ്യാപിച്ചത്.
ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
അതേസമയം, 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 949 രൂപയാണ്. തിരുവനന്തപുരത്ത് 951 രൂപയും കോഴിക്കോട്ട് 950.50 രൂപയുമാണ് നിലവിലെ നിരക്ക്. കഴിഞ്ഞ മാസം ഗാർഹിക സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചിരുന്നെങ്കിലും ഇത്തവണ വില കുറച്ചിട്ടില്ല.
ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറഞ്ഞത് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി വാണിജ്യ എൽപിജിയെ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്ക് ആശ്വാസമാകും. കഴിഞ്ഞ മാസങ്ങളിലുണ്ടായ കുത്തനെ വിലവർധന ഈ മേഖലയെ സാരമായി ബാധിക്കുകയും, ഭക്ഷണവില ഉയരാൻ കാരണമാവുകയും ചെയ്തിരുന്നു. പുതിയ വിലക്കുറവ് പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
