വാട്സാപ്പിന്റെ വിഡിയോ കോളിലൂടെ ഇനി സ്ക്രീൻ ഷെയറിങ്ങും

നിങ്ങളുടെ മൊബൈൽ ഫോൺ സ്ക്രീൻ ഇനി വാട്സാപ് വിഡിയോ കോളിലൂടെ തത്സമയം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാം. ഇതിനായി സ്ക്രീൻ ഷെയറിങ് ഓപ്ഷൻ നിലവിൽ വന്നു. വിഡിയോ കോളിനിടെ ഫോണിലുള്ള പ്രസന്റേഷൻ, വിഡിയോ, ടെക്സ്റ്റ് അടക്കം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാമെന്നതാണു മെച്ചം. സ്ക്രീൻ ഷെയറിങ് വഴി മറ്റൊരാളുടെ സ്ക്രീൻ കാണാൻ മാത്രമേ കഴിയൂ, ഫോണിന്മേലുള്ള നിയന്ത്രണം ലഭിക്കില്ല. 

വിഡിയോ കോൾ ആരംഭിച്ച ശേഷം താഴെയുള്ള ബാറിൽ ഷെയർ ഐക്കൺ കാണാം (മൊബൈൽ ഫോൺ ചിഹ്നത്തിനുള്ളിൽ ആരോ മാർക്ക്).  തുടർന്ന് വരുന്ന ബോക്സിൽ Start Now ടാപ് ചെയ്യുന്നതോടെ നിങ്ങളുടെ സ്ക്രീൻ മറുഭാഗത്തുള്ളയാൾക്കു കാണാം. Stop sharing നൽകിയാൽ ഇത് അവസാനിപ്പിക്കാം. 

എന്നാൽ, സൈബർ തട്ടിപ്പുകാർ ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട് എന്നാണ് വിദഗ്ദ്ധർ പറയുന്നത്.