വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറുകളിൽ തട്ടിപ്പുകൾ കൂടുന്നു

കേൾക്കുമ്പോൾ വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറിലാണ് ഇത്തരം തട്ടിപ്പുകളുടെ തുടക്കം. വളരെ കുറഞ്ഞ സമയത്തേക്കു മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ എന്ന തിരക്കുപിടിക്കലാണ് അടുത്ത പടി. കുറഞ്ഞൊരു തുകയല്ലേ എന്നു കരുതി പലരും അതങ്ങു പരീക്ഷിക്കാൻ ശ്രമിക്കും.

‘ബൈ നൗ’ ക്ലിക്ക് ചെയ്യുന്നതും ഡെബിറ്റ് കാർഡിന്റെ വിവരങ്ങൾ നൽകുന്നതുമെല്ലാം തട്ടിപ്പു വെബ്സൈറ്റിലായിരിക്കും. ഓഫറിൽ ആകൃഷ്ടരായി ഇടപാടു നടത്തുന്നവർക്ക് ഇതു തിരിച്ചറിയാൻ കഴിയണമെന്നില്ല. ഇങ്ങനെ ശേഖരിച്ച കാർഡ് വിവരങ്ങൾ ഉപയോഗിച്ച് കൂടിയ തുകയ്ക്കുള്ള മറ്റൊരു ഇടപാട് തത്സമയം തന്നെ നടത്തുക എന്നതാണ് തട്ടിപ്പിന്റെ രീതി.

തട്ടിപ്പുകാർ നടത്തിയ ഇടപാടിനുള്ള ഒടിപിയാണ് എസ്എംഎസായി നമുക്കു ലഭിക്കുക. പക്ഷേ, ഓഫർ സമയം തീരുന്നതിനു മുമ്പ് ഇടപാടു നടത്താൻ ധ‍ൃതിവെക്കുന്ന നമ്മൾ ഒടിപി വരുന്ന എസ്എംഎസിലെ തുക എത്രയെന്ന് നോക്കാൻ മെനക്കെടില്ല.അതിന്റെ ഫലമായി ചെറിയ തുകയ്ക്കു പകരം വലിയൊരു തുക അക്കൗണ്ടിൽ നിന്ന് പോവുകയും ചെയ്യും.

ശ്രദ്ധിക്കേണ്ടതെന്ത്?

• അതിശയകരമായ ഓഫറുകൾ കാണുമ്പോൾ രണ്ടുവട്ടം ആലോചിക്കുക

• അംഗീകൃത ആപ്പുകൾ/ സൈറ്റുകൾ വഴി മാത്രം ഓൺലൈൻ പർച്ചേസുകൾ നടത്തുക.

• ഒടിപി ലഭിക്കുന്ന എസ്എംഎസിൽ ഇടപാടുതുക നൽകാറുണ്ട്. എസ്എംഎസിലെ തുകയും ഇടപാടുതുകയും ഒത്തുനോക്കി ഒന്നുതന്നെയെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം ഒടിപി എന്റർ ചെയ്ത് ഇടപാടു പൂർത്തിയാക്കുക.