പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ എമ്പുരാന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
എമ്പുരാൻ ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആറുമാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചെന്നും വിവരമുണ്ട്. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകൾ. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും
അതേസമയം, എമ്പുരാൻ നിർമ്മിക്കുന്നതിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫർ. 2019ല് ആയിരുന്നു റിലീസ്. അടുത്തിടെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസ് ചെയ്തത്. ഗോഡ് ഫാദർ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിരഞ്ജീവി നായകനായി എത്തിയ ചിത്രത്തിൽ നയൻതാരയും സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.

