റഷ്യയ്ക്കെതിരെ ‘സമുദ്ര വിലക്ക്’ നീക്കം; റഷ്യൻ എണ്ണയുമായി ജി7–ഇയു കടുത്ത നടപടികൾക്കൊരുങ്ങുന്നു

യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, റഷ്യയ്ക്കെതിരെ കൂടുതൽ കടുത്ത ഉപരോധ നടപടികൾക്ക് യൂറോപ്യൻ യൂണിയനും (EU) ജി7 രാജ്യങ്ങളും ഒരുങ്ങുന്നു. കടൽവഴിയുള്ള റഷ്യൻ എണ്ണയുടെ നീക്കത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്താനുള്ള ആലോചനകൾ ഇരുപക്ഷങ്ങളും ആരംഭിച്ചു. ഈ വിലക്ക് നടപ്പാക്കിാൽ, റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി നടത്തുന്ന കപ്പലുകൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കാതെ വരും.

ഇതിനകം തന്നെ റഷ്യൻ എണ്ണയ്ക്ക് യൂറോപ്യൻ യൂണിയനും യുഎസും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ, ബാരലിന് 60 ഡോളറായിരുന്ന റഷ്യൻ എണ്ണയുടെ പരമാവധി വില യൂറോപ്യൻ യൂണിയൻ അടുത്തിടെ 47.60 ഡോളറായി കുറച്ചിരുന്നു. ഇതിലും ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെയും രണ്ടാമത്തെ ഘട്ട ഉപരോധത്തിൽ ഉൾപ്പെടുത്തണമെന്നാണ് നിലപാട്. റഷ്യ എണ്ണവിൽപ്പന വഴി നേടുന്ന വരുമാനം യുക്രെയ്നുമായുള്ള യുദ്ധത്തിന് ഉപയോഗിക്കുന്നത് തടയുക എന്നതാണ് യൂറോപ്യൻ യൂണിയന്റെ മുഖ്യലക്ഷ്യം.

റഷ്യയെ സാമ്പത്തികമായി കൂടുതൽ സമ്മർദ്ദത്തിലാക്കി പ്രസിഡന്റ് പുട്ടിനിനെ സമാധാന ചർച്ചയ്ക്ക് നിർബന്ധിതനാക്കാൻ ലക്ഷ്യമിട്ടാണ് സമ്പൂർണ ‘കടൽ വിലക്ക്’ പരിഗണിക്കുന്നത്. ഈ നീക്കം പ്രാബല്യത്തിലായാൽ, നിലവിൽ റഷ്യൻ എണ്ണ വൻതോതിൽ കയറ്റുമതി ചെയ്യുന്ന ഗ്രീസ്, സൈപ്രസ്, മാൾട്ട എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കപ്പലുകൾക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.
പടിഞ്ഞാറൻ രാജ്യങ്ങളിലെ എണ്ണക്കപ്പലുകൾ വഴിയാണ് റഷ്യ ഇപ്പോൾ കൂടുതലായും എണ്ണ കയറ്റുമതി നടത്തുന്നത്. ഇതിൽ വലിയ പങ്കും ചൈനയിലേക്കും ഇന്ത്യയിലേക്കുമാണ് എത്തുന്നത്. യുക്രെയ്നുമായി റഷ്യ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ, 2026ന്റെ തുടക്കത്തിൽ അടുത്തഘട്ട ഉപരോധം പ്രഖ്യാപിക്കാനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം. ഇതിന്റെ ഭാഗമായാകും സമ്പൂർണ കടൽ വിലക്കും.