അമേരിക്കൻ സുപ്രീം കോടതി മുൻ പ്രസിഡൻറ് Donald Trump പ്രഖ്യാപിച്ചിരുന്ന പകരം തീരുവ റദ്ദാക്കിയതിന് പിന്നാലെ, യുഎസുമായുള്ള വ്യാപാര കരാറുകൾ പുനഃപരിശോധിക്കുമെന്ന് പല രാജ്യങ്ങളും സൂചിപ്പിച്ചിരുന്നു. European Union വിഷയത്തിൽ വ്യക്തത ലഭിക്കുന്നതുവരെ തുടർനടപടികൾ മരവിപ്പിക്കാനാണ് തീരുമാനിച്ചത്. സമാന നിലപാടാണ് യുകെയും സ്വീകരിച്ചത്. ഇന്ത്യയും മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചില ചർച്ചകൾ നീട്ടിവെച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, യുഎസുമായുള്ള വ്യാപാര കരാർ പുനക്രമീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി Piyush Goyal വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഏറ്റവും മികച്ച കരാറാണ് ലക്ഷ്യമെന്നും, സാഹചര്യങ്ങൾ മാറിയാൽ കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടം തീരുവ സംബന്ധിച്ച് ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ 10% അധിക തീരുവ പ്രാബല്യത്തിലുണ്ടെങ്കിലും, അത് 15% വരെ ഉയർത്താനുള്ള സാധ്യത നിലനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയ്ക്കെതിരായ 10% പുതിയ തീരുവ പ്രാബല്യത്തിലായതിന് പിന്നാലെ പീയുഷ് ഗോയൽ, യുഎസ് വാണിജ്യ സെക്രട്ടറി Howard Lutnick, ഇന്ത്യയിലെ യുഎസ് അംബാസഡർ Sergio Gor എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വ്യാപാരവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാണ് നടന്നതെന്ന് ഗോയൽ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.
ഇടക്കാല വ്യാപാര കരാർ ഒപ്പിടാനുള്ള ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്. വ്യക്തിപരമായ സന്ദർശനത്തിനായാണ് ലുട്നിക് ഡൽഹിയിലെത്തിയതെന്നാണ് വിവരം. യുഎസ് സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ യുഎസ് യാത്ര മാറ്റിവച്ചിരുന്നു. തീരുവ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിച്ചതിന് ശേഷം വ്യാപാര ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പകരം തീരുവ ഒഴിവായെങ്കിലും നിലവിലുള്ള 10% അധിക തീരുവ ഏതുനിമിഷവും 15% ആയി ഉയരാൻ സാധ്യതയുള്ളതിനാൽ, വ്യാപാര രംഗത്ത് അനിശ്ചിതത്വം തുടരുകയാണ്.

