മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മൊത്ത ചെലവ് അനുപാതം (total expense ratio- TER) കണക്കാക്കുന്ന രീതി മാറ്റാന്‍ ഒരുങ്ങി സെബി. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഈടാക്കുന്ന തുകയാണ് ടിഇആര്‍. നിലവില്‍ ഓരോ സ്‌കീമുകള്‍ക്കും അറ്റ ആസ്തി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകമാണ് ടിഇആര്‍ കണക്കാക്കുന്നത്. ഈ രീതിക്ക് പകരം കമ്പനികള്‍ക്ക് കീഴിലുള്ള ഓരോ വിഭാഗത്തിലെയും മൊത്തം ഫണ്ടുകളുടെയും മൂല്യത്തിന്റെ അടിസ്ഥാനത്തിലാവും ടിഇആര്‍ നിശ്ചയിക്കുക.  മ്യൂച്വല്‍ ഫണ്ട് കമ്പനികളുമായി കൂടിയാലോചിച്ച് മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നാണ് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബച്ച് കഴിഞ്ഞ ദിവസം അറിയിച്ചത്. 

ഇപ്പോഴുള്ള വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് വിലയിരുത്തല്‍. കമ്മീഷന്‍ ലക്ഷ്യമിട്ട് നിക്ഷേപകരുടെ പണം പുതിയ ഫണ്ടുകളിലേക്ക് മാറ്റാനും കമ്പനികള്‍ ശ്രമിക്കാറുണ്ട്. പുതിയ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി കുറവായതുകൊണ്ട് തന്നെ ടിഇആര്‍ ഉയര്‍ന്നതായിരിക്കും. പുതിയ രീതിയിലേക്ക് മാറുന്നതോടെ ഒരേ വിഭാഗത്തില്‍ പെടുന്ന ഇക്വിറ്റി അല്ലെങ്കില്‍ ഡെറ്റ് ഫണ്ടുകള്‍ക്കെല്ലാം കമ്പനികള്‍ സമാന ടിഇആര്‍ ഈടാക്കാന്‍ നിര്‍ബന്ധിതരാവും

ബ്രോക്കറേജ്, ഫണ്ട് മാനേജ്‌മെന്റ് ഫീസ്, ജിഎസ്ടി ഉള്‍പ്പടെ ടിഇആറിനുള്ളില്‍ കൊണ്ടുവരുന്ന കാര്യവും സെബി പരിഗണിക്കുന്നുണ്ട്. നിലവില്‍ ടിഇആറിന് പുറമെ ഫണ്ട് മാനേജ്‌മെന്റ് ഫീസിന് 18 ശതമാനം ജിഎസ്ടി ഈടാക്കാന്‍ കമ്പനികളെ അനുവദിക്കുന്നുണ്ട്. ചെറുനഗരങ്ങളില്‍ നിന്ന് നിക്ഷേപകരെ ചേര്‍ക്കുന്നതിന് മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നല്‍കിയിരുന്ന ആനൂകൂല്യം നേരത്തെ സെബി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നഗര വ്യത്യാസമില്ലാതെ ഏത് പ്രദേശങ്ങളില്‍ നിന്നു നിക്ഷേപകരെ ചേര്‍ത്താലും ആനുകൂല്യം നല്‍കുന്ന രീതിയും സെബി പരിഗണിക്കും.