അടുത്ത സാമ്പത്തിക വർഷം മുതൽ പാൻ കാർഡുമായി ബന്ധിപ്പിക്കാത്ത മ്യൂച്വൽ ഫണ്ട് ഫോളിയോകൾ മരവിപ്പിക്കാനാണ് അസറ്റ്മാനേജ്മെന്റ് കമ്പനികളുടെ തീരുമാനം. 2023 മാർച്ച് 31നകം മ്യൂച്വൽഫണ്ട് അക്കൗണ്ടുകൾ പാനുമായി ബന്ധിപ്പിക്കണം എന്നാണ് അസറ്റ്മാനേജ്മെന്റ് കമ്പനികൾ നിക്ഷേപകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പാനുമായി ബന്ധിപ്പിക്കാത്ത മ്യൂച്വൽ ഫണ്ട് ഫോളിയോകളിൽ 2023 ഏപ്രിൽ മുതൽ യാതൊരു തരത്തിലുള്ള നിക്ഷേപവും നടത്താൻ നിക്ഷേപകർക്ക് കഴിയില്ലെന്നാണ് മ്യൂച്വൽ ഫണ്ടുകളുടെ സംഘടനയായ ആംഫി(അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ) അറിയിച്ചിട്ടുളളത്.
ഫോളിയോകൾ പാൻകാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളിലെ ഒറ്റത്തവണ നിക്ഷേപവും എസ്ഐപി വഴിയുള്ള നിക്ഷേപവും സാധ്യമാവില്ല. ഇത്തരം ഫോളിയോകൾക്ക് മ്യൂച്വൽഫണ്ട് സ്കീമുകൾ നൽകുന്ന ഡിവിഡന്റ് പേ-ഔട്ടും അനുവദിക്കില്ല. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കാൻ അറിവോ താൽപ്പര്യമോ ഇല്ലാത്ത നിരവധി നിക്ഷേപകരാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിലുള്ളത്.

