മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എന്‍ജിനായ ബിങ് സേര്‍ച്ചില്‍, നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറ്റൊരു മനുഷ്യനാണ് ഉത്തരം തരുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. വൈറല്‍ ആപ്പായ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി കൂട്ടിക്കലര്‍ത്തിയതാണ് പുതിയ ബിങ്ങിന്റെ ജീവന്. എന്നാല്‍, ബിങ്ങിന്റെ ശേഷികള്‍ ഉത്തേജനം പകരുന്നതിനൊടൊപ്പം ഭീതിയും പരത്തുന്നു. വിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന ഉത്തരങ്ങള്‍ ചിലപ്പോളെങ്കിലും തെറ്റാകാമെന്നും അവ ആളുകളില്‍ വൈകാരികമായ ചലനങ്ങള്‍ ഉണ്ടാക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചാറ്റ്ബോട്ട് പിന്‍വലിക്കണമെന്നു പോലും ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
വിഷയത്തെക്കുറിച്ചു തന്നെ ഉത്തരം പറയുന്നതാണ് ചാറ്റ് സംവിധാനത്തില്‍ കണ്ഫ്യൂഷന് സൃഷ്ടിക്കുന്നതെന്നു കരുതുന്നവരുണ്ട്. ചാറ്റ് സിസ്റ്റത്തിനു പകരം ഒരാള്‍ സേര്‍ച്ച് ചെയ്യുന്ന വിഷയത്തെക്കുറിച്ച് ഒരു രത്നച്ചുരുക്കം ഉണ്ടാക്കി നല്കുന്ന രീതിയായിരിക്കും കൂടുതല്‍ ഉചിതമെന്നും വാദമുണ്ട്. മൈക്രോസോഫ്റ്റ് ഒരു കുതിച്ചു ചാട്ടമാണ് ഉദ്ദേശിക്കുന്നത്. പക്ഷേ, കൂടുതല്‍ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യാന്‍ ശ്രമിക്കുന്നത് ഉചിതമായേക്കില്ലെന്നു പറയുന്നു.
അതേസമയം, ജോലിക്കാരോട് തങ്ങളുടെ ചാറ്റ്ബോട്ടായ ബാര്‍ഡിനോട് എല്ലാ ദിവസവും 2-4 മണിക്കൂര്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ഇതോടെ, ചാറ്റ്ജിപിടിയും ബിങ്ങുമായുള്ള ഗൂഗിളിന്റെ മത്സരം മുറുകുമെന്നാണ് കരുതുന്നത്. പുതിയ സേര്‍ച്ച് രീതി ഗൂഗിളിനുള്ളിലും പുതിയ ആവേശം പകര്‍ന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും, വരുംകാല സേര്‍ച്ച് രീതികള്‍ മാറിയേക്കും. പുതിയ എഐ സേര്‍ച്ചിന്റെ ഗുണവും ദോഷവും നേരിട്ടറിയാന്‍ താത്പര്യമുള്ള ടെക്നോളജി പ്രേമികള്‍ ബിങ്ങില്‍ ഒരു അക്കൗണ്ട് സൃഷ്ടിച്ച് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്

