മെഡിക്കൽ പിജി പ്രവേശനം: സാമ്പത്തിക സംവരണ തട്ടിപ്പ്: അന്വേഷണം തുടങ്ങി –

നീറ്റ് പിജി പരീക്ഷയ്ക്ക് സാമ്പത്തിക സംവരണ വിഭാഗത്തിൽ അപേക്ഷിച്ച ചില വിദ്യാർഥികൾ പിന്നീട് മാനേജ്മെന്റ്, എൻആർഐ ക്വോട്ടകളിൽ പ്രവേശനം നേടിയെന്ന ആരോപണത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) അന്വേഷണം തുടങ്ങി.

2024ലെ മെഡിക്കൽ പിജി പ്രവേശനം നേടിയ 148 വിദ്യാർഥികൾക്കെതിരെയാണ് ക്രമക്കേട് ആരോപണം ഉയർന്നത്. വാർഷിക കുടുംബവരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ളവർക്കായി സംവരണം ചെയ്ത സാമ്പത്തിക പിന്നാക്ക വിഭാഗത്തിലൂടെയാണ് ഇവർ നീറ്റ് പിജിക്ക് അപേക്ഷ നൽകിയിരുന്നത്. എന്നാൽ പ്രവേശന പരീക്ഷയിൽ റാങ്ക് പിന്നിലായതോടെ, വർഷംതോറും 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ട്യൂഷൻ ഫീസ് ഈടാക്കുന്ന സ്വകാര്യ മെഡിക്കൽ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട സീറ്റുകളാണ് ഇവർ നേടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ, ഇവരുടെ വരുമാന സർട്ടിഫിക്കറ്റുകളിൽ കള്ളത്തരം നടന്നിട്ടുണ്ടോ എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. സാമ്പത്തിക സംവരണത്തിന്റെ അർഹത നേടാൻ വ്യാജ വരുമാന രേഖകൾ സമർപ്പിച്ചതായും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണമാണ് എൻഎംസി ആരംഭിച്ചിരിക്കുന്നത്.