ഒരുകാലത്ത് ബോക്സ് ഓഫീസ് വിജയം എന്നതിന്റെ പര്യായമായിരുന്നു ബോളിവുഡ്. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ ആ ധാരണയ്ക്ക് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. തുടർച്ചയായ പരാജയങ്ങളും, പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാനാകാതെ തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിലേക്ക് വഴിമാറിയ സൂപ്പർതാര ചിത്രങ്ങളും ബോളിവുഡിന്റെ അവസ്ഥയെ ചോദ്യം ചെയ്തു. വൻ ബജറ്റ് സിനിമകൾ പോലും മുതൽമുടക്ക് തിരികെ പിടിക്കാതെ തകർന്നുവീണ കാഴ്ചകൾ അടുത്ത കാലത്ത് പതിവായിരുന്നു. ഈ പ്രതിസന്ധികളിൽ നിന്നു രക്ഷപ്പെട്ടത് വിരലിലെണ്ണാവുന്ന ചില ചിത്രങ്ങൾ മാത്രമാണ്.
എന്നാൽ ഇപ്പോൾ ഒരിടവേളയ്ക്കുശേഷം ബോളിവുഡിന് ആശ്വാസമായൊരു നേട്ടം കൈവന്നിരിക്കുകയാണ്. 1000 കോടി ക്ലബ്ബിൽ ഇടം നേടിയ പുതിയൊരു ചിത്രം കൂടി ബോളിവുഡിന് ലഭിച്ചു. രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും ശക്തമായ അഭിനയ പ്രകടനങ്ങളിലൊന്നുമായി എത്തിയ ‘ധുരന്ദർ’ ആണ് ഈ ചരിത്ര നേട്ടത്തിന് പിന്നിൽ.തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ധുരന്ദർ’ ബോളിവുഡിന്റെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇതിനകം തന്നെ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. പത്ത് സിനിമകളടങ്ങിയ ഈ പട്ടികയിൽ, ഈ വാരം കഴിയുമ്പോൾ തന്നെ ചിത്രം രണ്ടാം സ്ഥാനത്തേക്കുയരുമെന്നാണു ട്രേഡ് വൃത്തങ്ങളുടെ വിലയിരുത്തൽ.
1050 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ ‘പത്താൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തെ പിന്നിലാക്കിയാണ് ‘ധുരന്ദർ’ മൂന്നാം സ്ഥാനത്തെത്തിയത്. നിലവിൽ ‘ധുരന്ദർ’ നേടിയ ആഗോള കളക്ഷൻ 1100 കോടി രൂപയാണ്. 1150 കോടി രൂപയുമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ ആണ് രണ്ടാം സ്ഥാനത്ത്. 2000 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ആമിർ ഖാന്റെ ‘ദംഗൽ’ ഇന്നും ആരും കൈവരിക്കാത്ത ഒന്നാം സ്ഥാനത്ത് അജയ്യനായി തുടരുന്നു.
ഈ പട്ടികയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സ്വന്തമാക്കിയിരിക്കുന്നതും ആമിർ ഖാനാണ്. ബോളിവുഡിന് പ്രതീക്ഷകൾ മങ്ങിപ്പോയ സമയത്ത്, ‘ധുരന്ദർ’ നേടിയ ഈ വൻ വിജയം തിയേറ്റർ സംസ്കാരത്തിലേക്കുള്ള പ്രേക്ഷകരുടെ തിരിച്ചുവരവിന്റെ സൂചനയായാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
