ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കുന്നതിൽ എത്രയും വേഗം തീരുമാനമെടുക്കാൻ ആവശ്യപ്പെട്ട് ചീഫ് ലേബർ കമ്മിഷണർ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയയ്ക്കും.
ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന്മേൽ കേന്ദ്രം നടപടിയെടുക്കാത്ത സ്ഥിതിക്കാണ് ചീഫ് ലേബർ കമ്മിഷണർ തന്നെ നേരിട്ട് ഇടപെടുന്നത്.ധനമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ധനകാര്യസേവന വകുപ്പ് സെക്രട്ടറിക്കാണ് കത്തയയ്ക്കുക. ബാങ്കുകളുടെ ചുമതല ഡിഎഫ്എസിനാണ്.
പ്രവൃത്തിദിവസം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി മാർച്ചിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് യുഎഫ്ബിയു അവസാന നിമിഷം മാറ്റിവച്ചിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങളോട് അനുഭാവപൂർവമായി പ്രതികരിക്കാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. എന്നാൽ പ്രവൃത്തിദിനം 5 ദിവസമാക്കുന്ന കാര്യം ഇപ്പോഴും മന്ത്രാലയത്തിന്റെ ചർച്ചയിലാണെന്ന പതിവു മറുപടിയാണ് ഇന്നലെയും ഡിഎഫ്എസ് ഉദ്യോഗസ്ഥർ യോഗത്തിൽ നൽകിയത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തത്വത്തിൽ തീരുമാനമെടുത്തിരുന്നു.
