ബയോളജിക്കൽ സയൻസ്, ബയോടെക്നോളജി, ആരോഗ്യ മേഖലകളിലെ ഗവേഷണവും പരിശീലനവും ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ബയോടെക്നോളജി വകുപ്പ് (DBT) ബയോഇൻഫർമാറ്റിക്സ് ആൻഡ് കംപ്യൂട്ടേഷനൽ ബയോളജി സെന്ററുകൾ സ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി സർവകലാശാലകൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ, മെഡിക്കൽ, കൃഷി സ്ഥാപനങ്ങൾ എന്നിവയ്ക്ക് അഞ്ച് വർഷത്തെ പ്രവർത്തനത്തിനായി പരമാവധി അഞ്ച് കോടി രൂപ വരെ ധനസഹായം ലഭിക്കും.
സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ സർവകലാശാലകൾ, എൻജിഒകൾ, സന്നദ്ധ സംഘടനകൾ, ട്രസ്റ്റുകൾ, ഗവേഷണ ഫൗണ്ടേഷനുകൾ എന്നിവയ്ക്ക് പരമാവധി 2.5 കോടി രൂപ വരെ സഹായം ലഭ്യമാകും. പുതിയ ഗവേഷണകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
അപേക്ഷിക്കുന്ന കോഓർഡിനേറ്റർമാർക്ക് നിർദിഷ്ട യോഗ്യത നിർബന്ധമാണ്. നിരവധി സ്ഥാപനങ്ങൾ പങ്കാളികളായ പ്രോജക്ടുകളുടെ മാനേജ്മെന്റിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിപ്പാർട്മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (DSIR) അംഗീകാരം ഉണ്ടായിരിക്കണം. സ്വകാര്യ സ്ഥാപനങ്ങൾക്കും എൻജിഒകൾക്കും നിതി ആയോഗിന്റെ ‘എൻജിഒ ദർപൺ’ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
ഗവേഷണം, അടിസ്ഥാനസൗകര്യ വികസനം, ഡാറ്റ അനലിറ്റിക്സ് വിപുലീകരണം, ഡാറ്റാബേസുകൾ ശക്തിപ്പെടുത്തൽ, പുതിയ കംപ്യൂട്ടേഷനൽ ടൂളുകളുടെ വികസനം, പരിശീലന പരിപാടികൾ, സെമിനാറുകൾ, വർക്ഷോപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഫണ്ട് വിനിയോഗിക്കാം.
അപേക്ഷകൾ https://dbtepromis.nic.in എന്ന വെബ്സൈറ്റ് വഴി ജനുവരി 31 വരെ സമർപ്പിക്കാം.
