പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മാമന്നൻ. കാത്തിരിപ്പുകൾക്ക് ഒടുവിൽ രണ്ട് ദിവസം മുൻപ് തിയറ്ററിൽ എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത കഥാപാത്രവുമായി വടിവേലുവും ഫഹദ് ഫാസിലും കസറിയ ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ ആണ് നായകനായി എത്തിയത്. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാരി സെൽവരാജ് ആണ്.
ഈ അവസരത്തിൽ സംവിധാനയകന് വിലപിടിപ്പുള്ള സമ്മാനവുമായി എത്തിയ ഉദയനിധിയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബ്ലൂ നിറത്തിലുള്ള മിനി കൂപ്പർ ആണ് മാരി സെൽവരാജിന് ഉദയനിധി സമ്മാനമായി നൽകിയത്. കാർ കൈമാറുന്ന ഉദയനിധിയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. മാമന്നന് പോസിറ്റീവ് ഫീഡ്ബാക്കും വൻ ബോക്സ് ഓഫീസ് വിജയവും നേടിയതിന് പിന്നാലെയാണ് സംവിധായകന് ഈ സ്നേഹ സമ്മാനം ലഭിച്ചിരിക്കുന്നത്.
ജൂണ്‍ 29 വ്യാഴാഴ്ചയാണ് മാമന്നൻ തിയറ്ററിൽ എത്തിയത്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 10 കോടി രൂപയാണെന്നാണ് വിവരം. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിന് ആണ്. ചിത്രത്തിൽ വടിവേലു അവതരിപ്പിച്ച മാമന്നന്റെ മകന് അതിവീരൻ എന്ന കഥാപാത്രത്തെ ഉദയനിധി അവതരിപ്പിച്ചിരിക്കുന്നു.

