പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി

വിഷുദിനത്തിൽ പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി. മമ്മൂട്ടി കമ്പനി എന്നെഴുതുമ്പോഴത്തെ ഇം​ഗ്ലീഷ് അക്ഷരങ്ങളായ എം, കെയും മലയാളത്തിലെ ‘മ’, ‘ക’യും ഒപ്പം മൂവി ക്യാമറയും ഉൾപ്പെടുത്തിയാണ് ലോ​ഗോ തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ലോ​ഗോ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 

ആഷിഫ് സലിമാണ് പുതിയ ലോഗോ മമ്മൂട്ടി കമ്പനിക്കായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ‘ഞങ്ങളെ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു’, എന്നാണ് കമ്പനി അം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മമ്മൂട്ടിയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

നിര്‍മ്മിച്ച ചിത്രങ്ങളുടെ ഗുണനിലവാരം കൊണ്ട് ചെറിയ കാലയളവില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് ഈ കമ്പനിയുടേതായി നിര്‍മ്മിക്കപ്പെട്ട് ചിത്രങ്ങള്‍. കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ഈ ബാനറിന്‍റേതായി റിലീസ് ആകാനുള്ള ചിത്രങ്ങള്‍.