പാസ്പോർട്ട് അപേക്ഷാ ഫീസിൽ വൻ വർധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. 18 വയസ്സിന് മുകളിലുള്ളവർക്കുള്ള 36 പേജ് സാധാരണ പാസ്പോർട്ടിന്റെ ഫീസ് നിലവിലെ 1,500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതോടെ പ്രായപൂർത്തിയായ അപേക്ഷകർക്ക് 1,000 രൂപയുടെ അധികബാധ്യതയാകും ഉണ്ടാകുക.15 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള 36 പേജ് പാസ്പോർട്ടിന്റെ ഫീസ് 1,750 രൂപയായും നിശ്ചയിച്ചു. 60 പേജ് പാസ്പോർട്ടിനുള്ള അപേക്ഷാ ഫീസ് 3,500 രൂപയായി ഉയർത്തിയിട്ടുണ്ട്. തത്കാൽ പാസ്പോർട്ട് സേവനങ്ങൾക്കും ഫീസ് വർധന ബാധകമാണ്. തത്കാൽ സേവനത്തിനുള്ള നിരക്ക് 5,000 രൂപയായാണ് പുതുക്കിയത്.
2012-ലാണ് ഇതിന് മുമ്പ് പാസ്പോർട്ട് ഫീസിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരുന്നത്. പുതിയ നിരക്കുകൾ പാസ്പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്പോർട്ടിന് പകരം പുതിയത് ലഭിക്കുന്നതിനുള്ള അപേക്ഷ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) എന്നിവയ്ക്കും ബാധകമായിരിക്കും. ഇന്ത്യയിൽ അപേക്ഷിക്കുന്നവർക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും ഫീസ് വർധന ബാധകമാണ്.
നിലവിൽ ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് 27 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാകും. കൂടാതെ 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ സൗകര്യവും 66 രാജ്യങ്ങളിൽ ഇ-വീസ സൗകര്യവും ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമാണ്.അതേസമയം, ഇന്ത്യൻ പാസ്പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും അത് ഒരു യാത്രാരേഖ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ യാത്രകൾക്കും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനുമാണ് പാസ്പോർട്ട് നൽകുന്നത്. എന്നാൽ അത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവായി കണക്കാക്കാനാകില്ലെന്നും മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.പാസ്പോർട്ട് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രേഖയാണെന്നും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അത് സർക്കാരിന് തിരികെ നൽകേണ്ട ബാധ്യത പാസ്പോർട്ട് ഉടമയ്ക്കുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
