ഡിജിറ്റൽ സ്വർണമായ ഇ-ഗോൾഡിനെ നിയന്ത്രണപരിധിക്കുള്ളിൽ കൊണ്ടുവരാനില്ലെന്നും ഇത് സെബിയുടെ അധികാരപരിധിയിൽപ്പെടുന്ന നിക്ഷേപ ഉൽപ്പന്നമല്ലെന്നും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ സ്വർണത്തെക്കുറിച്ച് പ്രത്യേക ഇടപെടൽ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മ്യൂച്വൽ ഫണ്ടുകളും മറ്റ് സ്ഥാപനങ്ങളും അവതരിപ്പിക്കുന്ന ഗോൾഡ് ഇടിഎഫുകൾ (Gold ETFs) മാത്രമാണ് സെബിയുടെ നിയന്ത്രണവിധേയമാണെന്നും അവയ്ക്ക് സെബിയുടെ എല്ലാ ചട്ടങ്ങളും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങളെ സെബിയുടെ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് സെബി ചെയർമാന്റെ വിശദീകരണം വന്നത്. ഡിജിറ്റൽ സ്വർണം സെബിയുടെ ചട്ടക്കൂടിനുള്ളിൽ വരില്ലെന്നും നിക്ഷേപകർ ഇതറിയണമെന്നും വ്യക്തമാക്കിക്കൊണ്ട് ഈ മാസം 8-ന് സെബി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കമ്പനികൾ സ്വയം നിയന്ത്രണ സംവിധാനം (Self-regulation) കൊണ്ടുവരാനുള്ള ചർച്ചകളും നടന്നിരുന്നു.
ഡിജിറ്റൽ സ്വർണത്തിന് നിയന്ത്രണം സൃഷ്ടിക്കാനാകാത്ത പക്ഷം കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടാനുള്ള നീക്കത്തിലാണ് കമ്പനികൾ. സ്വർണവില ഉയർന്നതോടെ സാധാരണ നിക്ഷേപകരും തിരഞ്ഞെടുത്ത പ്രധാന മാർഗമാണ് ഡിജിറ്റൽ ഗോൾഡ്.ദിവസവും ഒരു രൂപ മുതൽ ഡിജിറ്റലായി സ്വർണം വാങ്ങാൻ മത്സരാധിഷ്ഠിതമായ സൗകര്യമുള്ളതാണിത്. ഒരു ഗ്രാമിന്റെ വളരെ ചെറു പങ്കാണ് നിക്ഷേപകർ വാങ്ങുന്നത്. ഏറ്റവും കൂടുതൽ ഇടപാടുകളും നടക്കുന്ന പ്ലാറ്റ്ഫോം യുപിഐ വഴിയുള്ള ഡിജിറ്റൽ ഗോൾഡ് പർച്ചേസുകളാണ്.

