ബ്രാൻഡ് പ്രമോഷന്റെ പേരിൽ സോഷ്യൽ മീഡിയ താരങ്ങൾ പല വ്യാജ അവകാശവാദങ്ങളും മുന്നോട്ടുവയ്ക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. പരസ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കാത്ത തരത്തിലാണ് പല ഉള്ളടക്കവും.ഇതിലെ വാദങ്ങൾ വിശ്വസിച്ച് സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് മാർഗരേഖ.
യൂട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ താരങ്ങളും പ്രതിഫലം പറ്റിയാണ് പരസ്യങ്ങളും പ്രചാരണങ്ങളും നടത്തുന്നതെങ്കിൽ അക്കാര്യം കാഴ്ചക്കാരോട് കൃത്യമായി വെളിപ്പെടുത്തണo.
പ്രമോഷൻ നടത്തുന്നതിനു മുൻപ് സെലിബ്രിറ്റികൾ നിശ്ചിത ഉൽപ്പന്നമോ സേവനമോ ഉപയോഗിച്ച് നോക്കാനും നിർദേശമുണ്ട്. പരസ്യത്തിലെ അവകാശവാദങ്ങൾ സാധൂകരിക്കാൻ പരസ്യം നൽകുന്ന കമ്പനിക്ക് സാധിക്കുമെന്ന് സെലിബ്രിറ്റികൾ ഉറപ്പുവരുത്തണം.
മാർഗരേഖ ലംഘിച്ചാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് (സിസിപിഎ) 10 ലക്ഷം രൂപ പിഴ ചുമത്താം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 50 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. ലംഘനം നടത്തിയ വ്യക്തിയെ ബ്രാൻഡ് പ്രമോഷനുകളിൽ നിന്ന് 3 വർഷം വരെ വിലക്കാനും വ്യവസ്ഥയുണ്ട്. സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ താരങ്ങൾ എന്നിവർക്കു പുറമേ കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കമുള്ള വെർച്വൽ ഇൻഫ്ലുവൻസേഴ്സിനും മാർഗരേഖ ബാധകമാണ്. സോഷ്യൽ ഇൻഫ്ലുവൻസർ വിപണി 2025ൽ 2,800 കോടി രൂപയുടേതാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ ഉള്ളടക്കം ഏത് ഭാഷയിലാണോ അതേ ഭാഷയിൽ ആയിരിക്കണം അറിയിപ്പ്. ഹാഷ്ടാഗുകൾ ലിങ്കുകൾ എന്നിവയ്ക്കൊപ്പം കൂടിക്കലർന്ന നിലയിലായിരിക്കരുത്.ഏതെങ്കിലും പഠനം അടിസ്ഥാനമാക്കിയാണ് പരസ്യമെങ്കിൽ അതിന്റെ സ്രോതസ്സ്, പഠനം നടന്ന തീയതി എന്നിവ വ്യക്തമാക്കണം.

