ജിമെയിൽ മുതൽ നെറ്റ്ഫ്ലിക്സ് വരെ; 14.9 കോടി അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

ഇന്റർനെറ്റ് ലോകത്തെ ഞെട്ടിച്ച് വൻ ഡാറ്റാ ചോർച്ച. ജിമെയിൽ, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ് തുടങ്ങി മലയാളികൾ ഉൾപ്പെടെ നിത്യജീവിതത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ സേവനങ്ങളുടെ ലോഗിൻ വിവരങ്ങൾ പരസ്യമായതായി റിപ്പോർട്ട്. ഏകദേശം 14.9 കോടി (149 മില്യൺ) അക്കൗണ്ടുകളുടെ യൂസർനെയിമുകളും പാസ്വേഡുകളുമാണ് ചോർന്നതെന്ന് എക്സ്പ്രസ് വിപിഎൻ (ExpressVPN) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

സൈബർ സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളറാണ് ഈ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയത്. പാസ്വേഡ് അല്ലെങ്കിൽ മറ്റ് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കപ്പെടാത്ത ഒരു ഡാറ്റാബേസിലൂടെയാണ് വിവരങ്ങൾ ചോർന്നത്. 96 ജിബി വലിപ്പമുള്ള ഈ ഡാറ്റാബേസ് പൊതുജനങ്ങൾക്ക് തുറന്ന നിലയിലായിരുന്നുവെന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്.റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ജിമെയിൽ ഉപയോക്താക്കളെയാണ്. ചോർന്ന അക്കൗണ്ടുകളുടെ ഏകദേശ കണക്ക് ഇപ്രകാരമാണ്:

• ജിമെയിൽ: 4.8 കോടി അക്കൗണ്ടുകൾ
• ഫെയ്സ്ബുക്ക്: 1.7 കോടി അക്കൗണ്ടുകൾ
• ഇൻസ്റ്റഗ്രാം: 65 ലക്ഷം അക്കൗണ്ടുകൾ
• യാഹൂ: 40 ലക്ഷം അക്കൗണ്ടുകൾ
• നെറ്റ്ഫ്ലിക്സ്: 34 ലക്ഷം അക്കൗണ്ടുകൾ
• ഔട്ട്ലുക്ക്: 15 ലക്ഷം അക്കൗണ്ടുകൾ

ഇതിനു പുറമെ മറ്റ് നിരവധി ഓൺലൈൻ സേവനങ്ങളുടെയും ലോഗിൻ വിവരങ്ങൾ ഈ ഡാറ്റാബേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്ന് ശേഖരിച്ച 14,94,04,754 ലോഗിൻ വിവരങ്ങളാണ് ഡാറ്റാബേസിൽ ഉണ്ടായിരുന്നത്. യൂസർനെയിമുകൾ, പാസ്വേഡുകൾ, ലോഗിൻ ചെയ്യാനുള്ള യുആർഎൽ ലിങ്കുകൾ, ഇമെയിൽ വിലാസങ്ങൾ തുടങ്ങിയവ ഫയലുകളിൽ ഉൾപ്പെട്ടിരുന്നു. ആവശ്യമായ സുരക്ഷാ പരിരക്ഷ ഇല്ലാത്തതിനാൽ, ഈ ഡാറ്റാബേസ് കണ്ടെത്തിയ ഏതു വ്യക്തിക്കും കോടിക്കണക്കിന് അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാനാകുമായിരുന്നുവെന്ന് ജെറമിയ ഫൗളർ മുന്നറിയിപ്പ് നൽകി.ഇതുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ട പ്രമുഖ കമ്പനികളൊന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. നിലവിൽ ഉപയോക്താക്കൾ സ്വീകരിക്കേണ്ട പ്രധാന മുൻകരുതൽ പാസ്വേഡുകൾ അടിയന്തരമായി മാറ്റുക എന്നതാണ്.

ശ്രദ്ധിക്കുക – സുരക്ഷാ നിർദേശങ്ങൾ:

• നിങ്ങളുടെ എല്ലാ അക്കൗണ്ടുകളിലും ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) എനേബിൾ ചെയ്യുക
• ഒരേ പാസ്വേഡ് നിരവധി അക്കൗണ്ടുകൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുക
• പ്രധാന അക്കൗണ്ടുകളുടെ പാസ്വേഡുകൾ ഉടൻ തന്നെ മാറ്റുക