ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം വരുന്നു

പുതിയ ടോള്‍ പിരിവ് സംവിധാനമാണ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. അതുകൊണ്ടുതന്നെ ഫാസ്ടാഗിലേതു പോലെയുള്ള സ്ഥിരം ടോള്‍ ബൂത്തുകള്‍ ജിഎന്‍എസ്എസില്‍ ആവശ്യമില്ല. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്‌തോ അത്ര തുക നല്‍കാല്‍ മതിയാവും. സാറ്റലൈറ്റ് സംവിധാനങ്ങളുടെ സഹായത്തിലാണ് ഓരോ വാഹനങ്ങളും ജിഎന്‍എസ്എസില്‍ ട്രാക്കു ചെയ്യാനാവുന്നത്. ടോള്‍ തുക എത്രയാണെന്ന് കണക്കു കൂട്ടുന്നതിലും പിരിക്കുന്നതിലും ജിഎന്‍എസ്എസിന്റെ വരവ് വലിയ മാറ്റങ്ങളുണ്ടാക്കും. മുഴുവന്‍ ദൂരം യാത്ര ചെയ്താലും ഇല്ലെങ്കിലും ടോള്‍ തുക മുഴുവന്‍ നല്‍കണമെന്ന അവസ്ഥക്കും ജിഎന്‍എസ്എസിന്റെ വരവോടെ മാറ്റമുണ്ടാവും.

വാഹന ഉടമകള്‍ക്കും സര്‍ക്കാരിനും ഒരുപോലെ ഗുണമുണ്ടാക്കുന്ന സംവിധാനമാണ് ജിഎന്‍എസ്എസ്. ഈ സംവിധാനത്തിനു കീഴില്‍ ടോള്‍ ബൂത്തുകള്‍ തന്നെ ഇല്ലാതാവും. അതോടെ ടോള്‍ പിരിവിന്റെ പേരിലുള്ള ഗതാഗത തടസങ്ങളും വരി നില്‍ക്കലുകളും കൂടിയാണ് അവസാനിക്കുക. സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം തുക ഈടാക്കുമെന്നതിനാല്‍ വാഹന ഉടമകള്‍ക്ക് ചെറു യാത്രകള്‍ക്ക് മുഴുവന്‍ ടോള്‍ നല്‍കേണ്ടി വരുന്നുവെന്ന ദോഷം ഒഴിവാക്കാനാവും.
സര്‍ക്കാരിനാവട്ടെ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനമായിരിക്കും ജിഎന്‍എസ്എസ്. ടോള്‍ ബൂത്തുകളെ ഒഴിവാക്കുകയും ടോള്‍ പാതകളെ ഉപയോഗിക്കുകയും ചെയ്യുന്നവരെ കയ്യോടെ പിടിക്കാനും സര്‍ക്കാരിന് ഈ സംവിധാനം വഴി സാധിക്കും. ഫാസ്ടാഗിന്റെ പ്രധാന പരിമിതികളിലൊന്നായ ടോള്‍ ബൂത്തുകളെ ഒഴിവാക്കിയുള്ള സഞ്ചാരം ജിഎന്‍എസ്എസില്‍ ഫലപ്രദമാവില്ല. ജിഎന്‍എസ്എസ് വഴി ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഗതാഗത നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവുമെല്ലാം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാരിന് ആവിഷ്‌ക്കരിക്കാനും സാധിക്കും.