ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ബാങ്കുകളിലെ കിട്ടാക്കടം: കേന്ദ്രസർക്കാർ

രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം (എൻപിഎ) ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് കിട്ടാക്കടം തുടർച്ചയായി കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

2025 സെപ്റ്റംബർ അവസാനം വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം, ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ അനുപാതം 2.15 ശതമാനമാണ്. ഇത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും 2010–11 കാലയളവിലേതിനെക്കാൾ പോലും താഴെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2015ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആസ്തി ഗുണനിലവാര പരിശോധന (AQR) ആരംഭിച്ചതിന് പിന്നാലെയാണ് സർക്കാർ കിട്ടാക്കടം കുറയ്ക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചത്. കിട്ടാക്കടം സുതാര്യമായി തിരിച്ചറിയുക, നിയമപരവും സ്ഥാപനപരവുമായ നടപടികളിലൂടെ സമ്മർദ്ദത്തിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം വീണ്ടെടുക്കുക, പൊതുമേഖലാ ബാങ്കുകൾക്ക് മതിയായ മൂലധനം നൽകുക, ബാങ്കിങ് മേഖലയിൽ ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കുക എന്നിവ ഉൾപ്പെടുന്ന ‘4R’ തന്ത്രമാണ് സർക്കാർ പ്രാവർത്തികമാക്കിയത്. ഈ നടപടികൾ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം വൻതോതിൽ കുറയ്ക്കാൻ സഹായിച്ചതായും മന്ത്രി വ്യക്തമാക്കി.

കിട്ടാക്കടത്തിന്റെ പ്രതിമാസ കണക്കുകൾ ആർബിഐ ശേഖരിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബർ അവസാനം ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം 2.15 ശതമാനമാണ്. ഇതിൽ പൊതുമേഖലാ ബാങ്കുകളിൽ 2.50 ശതമാനവും, സ്വകാര്യ ബാങ്കുകളിൽ 1.73 ശതമാനവും, വിദേശ ബാങ്കുകളിൽ 0.80 ശതമാനവുമാണ്. 2018 മാർച്ചിന് ശേഷം സ്വകാര്യ, വിദേശ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളിലാണ് കിട്ടാക്കടത്തിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കിട്ടാക്കടം കുറഞ്ഞതോടെ ബാങ്കുകൾ നഷ്ടം കണക്കാക്കി മാറ്റിവെക്കേണ്ട തുക (പ്രൊവിഷനിംഗ്) ഗണ്യമായി കുറഞ്ഞതായും മന്ത്രി പറഞ്ഞു. ഇതുവഴി ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുകയും ബിസിനസ് വളർച്ചയ്ക്ക് അനുകൂല സാഹചര്യം രൂപപ്പെടുകയും ചെയ്തു. ശക്തമായ ബാലൻസ് ഷീറ്റും സ്ഥിരമായ ലാഭവും പൊതുമേഖലാ ബാങ്കുകളുടെ ആസ്തി ഗുണനിലവാരവും വായ്പാ നടപടിക്രമങ്ങളും മെച്ചപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നതായും പങ്കജ് ചൗധരി കൂട്ടിച്ചേർത്തു.