മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷന്റെ ഒരു പങ്ക് സർക്കാർ ഇൗയാഴ്ച വിതരണം ചെയ്യും. ഇൗ മാസം 18 മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലാടിസ്ഥാനത്തിൽ നവകേരള സദസ്സ് എന്ന പേരിൽ പൊതുജന സമ്പർക്ക പരിപാടി ആരംഭിക്കുന്നതു കൂടി കണക്കിലെടുത്താണ് ക്ഷേമ െപൻഷൻ വിതരണം ചെയ്യുന്നത്. പെൻഷൻ നൽകാതെ കോടികൾ പൊടിച്ച് കേരളീയം പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ. 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളാണ് ധനവകുപ്പ് നടത്തുന്നത്. ഇതിനായി 2,000 കോടി രൂപ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി സമാഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. 52 കോടി രൂപ മാത്രമേ റിസർവ് ബാങ്ക് വഴി കടമെടുക്കാൻ ബാക്കിയുള്ളൂ. തൽക്കാലം മറ്റു ചെലവുകൾ മാറ്റിവച്ച് ക്ഷേമ പെൻഷൻ വിതരണം ചെയ്യാനാണു ശ്രമം. 5 ലക്ഷം രൂപയ്ക്കു മേലുള്ള ബില്ലുകൾക്കാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും ഒരു ലക്ഷത്തിൽ താഴെയുള്ള ബില്ലുകൾ പാസാക്കിയാൽ മതിയെന്നാണ് അനൗദ്യോഗികമായി നൽകിയിരിക്കുന്ന നിർദേശം.

