‘കിം​ഗ് ഓഫ് കൊത്ത’ അഡ്വാന്‍സ് റിസര്‍വേഷന് മികച്ച പ്രതികരണം

ഓ​ഗസ്റ്റ് 24 ന് തിയറ്ററുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് അഡ്വാന്‍സ് റിസര്‍വേഷന് ലഭിക്കുന്നത്. പ്രമുഖ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്കാണ് ആദ്യ ഷോകള്‍. ആദ്യദിനത്തിലെ മിക്ക ഷോകളും ഇതിനകം ഫുള്‍ ആയിക്കഴിഞ്ഞു. റിലീസിന് ഇനിയും നാല് ദിവസങ്ങള്‍ ശേഷിക്കെ ഇതിനകം വിറ്റുപോയിരിക്കുന്നത് 20 ലക്ഷം ടിക്കറ്റുകളാണെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നു. ആഗോള തലത്തിലെ കണക്കാണ് ഇത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗ് ആണ് കിംഗ് ഓഫ് കൊത്ത.

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണിത്. ദുൽഖര്‍ നായകനാവുന്ന ചിത്രത്തില്‍ ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ് എന്റർടെയ്‍നര്‍ ആയിരിക്കും ചിത്രമെന്നാണ് പ്രേക്ഷകര്‍ക്കിടയിലെ പ്രതീക്ഷ. ദുൽഖറിന്റെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.