മൂന്നാറിൽ വിനോദസഞ്ചാരിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവത്തെ തുടർന്ന്, കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
ഓൺലൈൻ ടാക്സി സേവനം ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നും അത് മൂന്നാറിലും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. “ടാക്സി തൊഴിലാളികൾക്ക് അതിനെ തടയാനുള്ള അവകാശമില്ല. മൂന്നാറിൽ നടക്കുന്നത് തനി ഗുണ്ടായിസമാണ്,” മന്ത്രി വിമർശിച്ചു.ഡബിൾ ഡെക്കർ ബസ് വന്നപ്പോഴും ടാക്സി ഡ്രൈവർമാർ ഇതേ നിലപാട് സ്വീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “അപ്പോൾ അതിന്റെ ഫലം അവർ അനുഭവിച്ചിരുന്നു. മൂന്നാറിൽ പരിശോധന ശക്തമാക്കും. പിഴ അടയ്ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി ഡ്രൈവർമാരും തൊഴിലാളികളാണ് — ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്ക് ശല്യമാകരുത്,” മന്ത്രി പറഞ്ഞു.
സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നത് മുംബൈ സ്വദേശിനിയും അസിസ്റ്റന്റ് പ്രഫസറുമായ ജാൻവിയുടെ പോസ്റ്റിലൂടെയായിരുന്നു. ജാൻവി യാത്ര ചെയ്ത ഓൺലൈൻ ടാക്സി മൂന്നാറിൽ ടാക്സി ഡ്രൈവർമാർ തടഞ്ഞുവെന്നാണ് ആരോപണം. സഹായത്തിനായി വിളിച്ച പൊലീസ് പോലും ടാക്സിക്കാരുടെ പക്ഷം ചേർന്നതായും പറഞ്ഞു. യാത്ര മധ്യേ അവസാനിപ്പിച്ച് മറ്റൊരു ടാക്സിയിൽ മടങ്ങേണ്ടി വന്നു. “ട്രിപ്പ് അവസാനിപ്പിച്ചു, ഇനി കേരളത്തിലേക്ക് വരില്ല,” എന്നാണ് ജാൻവി വീഡിയോയിൽ പറഞ്ഞത്.
സംഭവത്തെ തുടർന്ന് മൂന്ന് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും, രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

