ഉയർന്ന പിഎഫ് പെൻഷൻ കണക്കാക്കൽ: ബവ്റിജസ് കോർപറേഷനോട് വിശദാംശങ്ങൾ നൽകാൻ ഹൈക്കോടതി

ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കാനായി ജീവനക്കാർ അടച്ച വിഹിതത്തിന്റെ വിവരങ്ങൾ ഇപിഎഫ്ഒയ്ക്ക് (EPFO) കൈമാറണമെന്ന് കേരള ഹൈക്കോടതി ബവ്റിജസ് കോർപറേഷനോട് നിർദേശിച്ചു. ഈ നടപടികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്നും കോടതി വ്യക്തമാക്കി.

വിവരങ്ങൾ ലഭിച്ചാൽ, അതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് അർഹമായ ഉയർന്ന പെൻഷൻ തുക പുനർനിർണയിക്കണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടു.ഉയർന്ന പെൻഷൻ നിഷേധിച്ചതിനെതിരെ ബവ്റിജസ് കോർപറേഷനിൽ നിന്ന് വിരമിച്ച 35 ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.2011 ഡിസംബർ മുതൽ 2013 ജൂൺ വരെയുള്ള കാലയളവിൽ ₹2.01 കോടി രൂപയുടെ ഉയർന്ന പിഎഫ് വിഹിതം ബവ്റിജസ് കോർപറേഷൻ അടച്ചതായി രേഖകളിൽ കാണുന്നു. 2014 ജൂൺ 23നാണ് ഈ തുക ഒറ്റത്തവണയായി അടച്ചത്.
മാസവിവരങ്ങൾ ഉൾപ്പെടെ വിശദമായ കണക്കുകൾ ആവശ്യമാണ് എന്ന് ഇപിഎഫ്ഒ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാരുടെയും തൊഴിലുടമയുടെയും വ്യക്തിഗത വിഹിതങ്ങളുടെ കണക്കുകളും വിശദീകരണവും ആവശ്യപ്പെട്ടതിനാലാണ് കോടതി നിർദേശം നൽകിയത്.